സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഒരു കൊലപാതകകേസിന്റെ നീണ്ട വിചാരണയ്ക്കൊടുവിൽ ജഡ്ജി അതിന്റെ വിധി നാളത്തേയ്ക്കായി മാറ്റിവച്ചു. വിചാരണ കണ്ടവരെല്ലാം മനസ്സിലുറപ്പിച്ചു, വിധി വധശിക്ഷ തന്നെ.
വീട്ടിൽ മടങ്ങിയെത്തിയ ജഡ്ജി, പതിയെ ഒന്ന് മയങ്ങി. മയക്കം കഴിഞ്ഞപ്പോൾ മകൾ സ്കൂൾ വിട്ടും, ഭാര്യ ജോലി കഴിഞ്ഞും വീട്ടിലെത്തിയിരുന്നു.അയാൾ ഡൈനിങ്ങ് റൂമിലെ ടിവി ഓൺ ചെയ്തു. തുറന്നു വന്നത് ഒരു വാർത്താമാധ്യമമാണ്. അവരുടെ ഇന്നത്തെ രാത്രികാലചർച്ച, ജഡ്ജി മാറ്റിവച്ച വിധിയെഴുത്തിനെ കുറിച്ചാണ്.
അയാളത് കണ്ടുകൊണ്ടിരിയ്ക്കേ ഭാര്യ വന്ന് അടുത്തിരുന്നു.
“കൊല ചെയ്തയാൾക്ക് വധശിക്ഷതന്നെ നൽകണേ എന്റെ കൺകണ്ട ജഡ്ജിയേ…”
-ഭാര്യ തമാശരൂപേണ തന്റെ വാദം പ്രകടിപ്പിച്ചു. അയാളൊന്ന് ചിരിച്ചു.
“അയാൾ അത്രമാത്രം ഉപദ്രവിച്ചാണ് അവരെ കൊന്ന് കളഞ്ഞത്. അത്രമാത്രം അയാളെ ദുരിതം അനുഭവിപ്പിച്ചില്ലെങ്കിലും, സ്വന്തം മരണം അയാൾക്കൊരു പാഠമാകട്ടെ.”
ജഡ്ജി കേട്ടിരുന്നു. മറുത്തൊന്നും പറഞ്ഞില്ല. കുറച്ച്കഴിഞ്ഞപ്പോൾ ഭാര്യ എഴുന്നേറ്റുപോയി.
തന്റെ പഠനസമയം കഴിഞ്ഞെത്തിയ മകൾ അച്ഛന്റെയടുത്ത് സ്ഥാനം പിടിച്ചു. വാർത്താചാനലിലെ ചൂടേറിയ ചർച്ച കേട്ട് മകൾ ചോദിച്ചു-
“നാളത്തെ വിധി വധശിക്ഷയാണോ അച്ഛാ…?”
ജഡ്ജി തന്റെ കോടതിമുറിയിലെ ശീലം പുറത്തെടുത്തു.-
“നിനക്കെന്താ തോന്നുന്നത്? അച്ഛൻ കേൾക്കട്ടെ.”
“കണ്ണിനു കണ്ണും, ചെവിയ്ക്കു ചെവിയും, മുടിയ്ക്ക് മുടിയും പരിഹാരമാകുന്ന പോലെ, ഒരു ജീവന് മറ്റൊരു ജീവൻ പരിഹാരമാകുമോ?”
-മകൾ ഒന്ന് ചിരിച്ചു. അയാൾ അവളെത്തന്നെ നോക്കിനിന്നുപോയി.
ഫോൺ റിങ്ങ് ചെയ്തു.
“മോളെ ഇത് നിനക്കാ...” -അമ്മ വിളിച്ചു. അവൾ ഫോണെടുത്ത് മുറ്റത്തേക്കിറങ്ങി. ജഡ്ജി സോഫയിൽ ടിവിയ്ക്കു മുൻപിൽ ഒറ്റയ്ക്കായി.
ഒരു മുറിയിലെ വ്യത്യസ്തദിശയിൽ സ്ഥിതിചെയ്യുന്ന രണ്ട് ജനാലകളിലൂടെ പുറത്തേക്ക് നോക്കുന്ന പോലെ, അവരുടെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് തോന്നി.
പിറ്റേന്നത്തെ വിധിയെഴുത്തിൽ അത് പ്രതിഫലിയ്ക്കുകയും ചെയ്തു.

നന്നായി എഴുതിയിട്ടുണ്ട്. വധശിക്ഷ ഒന്നിനും ഉള്ള പരിഹാരമല്ല ഒരാൾ കൊലപാതകി ആകുന്നതിൽ സമൂഹത്തിനും പങ്കുണ്ട്. നമ്മൾ അടങ്ങുന്ന സമൂഹവും അതിൽ പങ്കാളികളായി.
ReplyDeletethank you
Deleteപകരം വയ്ക്കാൻ കഴിയാത്ത അനേകം കാര്യങ്ങളുണ്ട് ജീവിതത്തിൽ .നിലവിലുള്ള നമ്മുടെ ശിക്ഷാ രീതികൾ കാലഹരണ പ്പെട്ടതാണെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഇതിൽ.ഇനിയും ഒത്തിരിയൊത്തിരി എഴുതുക.. ❤️തീർച്ചയായും വായനക്കാരെ കൈ പിടിച്ചു കൊണ്ടു പോകുന്നൊരു ഭാഷ സഹനാഥിനുണ്ട്. ഒരിക്കലും എഴുത്ത് നിർത്തരുത്.. വായനയും
ReplyDeletethank you for your support and advice.
Deleteനന്നായിട്ടുണ്ട്...ജിബ്രാന്, Dostoyevsky ഒക്കെ ചിന്തിക്കുന്ന പോലെ....keep going ...all the best
ReplyDeleteജിബ്രാൻ കൃതികളുടെയും(അവയുടെ അർഥ തലങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം മനസിലാക്കി എടുക്കാൻ നല്ല പാടായിരുന്നു. അതുകൊണ്ടു തന്നെ പലതും പാതിവഴിയ്ക്ക് ഉപേക്ഷിക്കലാണ് പതിവ് :) ), സെൻ കഥകളുടെയും മലയാള പരിഭാഷകൾ എന്നെ എല്ലായിപ്പോഴും പ്രചോദിപ്പിച്ചിരുന്നു. അത്തരം ഭാഷാശൈലി ഉപയോഗിയ്ക്കാൻ മാത്രമേ ഞാനിവിടെ ശ്രമിച്ചിട്ടുള്ളു. ചിന്തയിൽ ഞാനിപ്പോഴും താഴെത്തട്ടിലാണ്.
Deleteനിങ്ങളുടെ പ്രോത്സാഹനങ്ങൾക്കും, സ്നേഹവാക്കുകൾക്ക് നന്ദി. എന്റെ ആഖ്യാനരീതിയിലെ പോരായ്മകൾ കൂടി ചൂണ്ടികാണിയ്ക്കുന്നതിലും നിങ്ങളുടെ സാന്നിധ്യം ഞാൻ ആഗ്രഹിയ്ക്കുന്നു.
വീണ്ടും വീണ്ടും ഒരായിരം നന്ദി.