Skip to main content

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

 





ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.


 നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു.


കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്.


ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരിച്ചു.


തമാശകളും മറ്റും നിറഞ്ഞ സംഭാഷണത്തോടുക്കൂടി ഞങ്ങൾ കൂട്ടങ്ങളായി ബൊട്ടാണിക്കൽ ഗാർഡന്റെ അടുത്തേക്ക് നടന്നു. സാമാന്യം വലുപ്പമുള്ള, ഭൂരിഭാഗവും വെള്ളനിറത്തിൽ കാണപ്പെട്ട ഒരു പ്രവേശനകവാടമായിരുന്നു ഉദ്യാനത്തിന്റേത്. അടുത്തായി ചേർന്നുകൊണ്ടുത്തന്നെ ടിക്കറ്റ് കൗണ്ടറുകൾ. അതിനുമുകളിലായി കറുത്ത ടൈലുകളെ പശ്ചാത്തലമാക്കി വെള്ളിനിറത്തിൽ നിർമിച്ച തലക്കെട്ട്. തമിഴിലും ഇംഗ്ലീഷിലുമായി ഗവണ്മെന്റ് ബൊട്ടാണിക്കൽ ഗാർഡൻ എന്ന് എഴുതിയിരിയ്ക്കുന്നു. കാലം തീർത്ത പഴക്കത്തിലും അത് അടിയുറച്ച് നിൽക്കുന്നു.






ബൊട്ടാണിക്കൽ ഗാർഡനിലേക്ക് പ്രവേശിച്ച ഞങ്ങളെ എതിരേറ്റത് രണ്ടു പീരങ്കികളാണ്. കാലത്തിന്റെ അവശേഷിപ്പുകളെ ഓർമിപ്പിയ്ക്കാനായുള്ള ഓരോരോ സൂക്ഷിപ്പുകൾ. അവ സൂക്ഷിച്ചിരിയ്ക്കുന്ന പച്ച പുൽത്തട്ടിൽ കര പങ്കിട്ട് നിൽക്കുന്ന വയലറ്റ് പൂക്കൾ.


        


അവയെ വഴിയിൽ നിന്ന് വേർതിരിയ്ക്കാൻ ചെറിയ വേലിത്തലപ്പുകൾ. കുറച്ചുകൂടി മുൻപോട്ട് പോയാൽ ആ വഴിയേ രണ്ടായി പകുത്തുകൊണ്ട് നീണ്ടുകിടക്കുന്ന കുറ്റിച്ചെടിമേൽ തീർത്ത കലാവിരുത് അക്ഷരങ്ങളായി തെളിഞ്ഞു നിൽക്കുന്നു - 

‘GOVT. BOTANICAL GARDEN - EST. 1848’





അതിന് പുറകിലായി മലഞ്ചെരുവിൽ തീർത്ത വിശാലമായ മൈതാനം. അതിനെ വലയം വച്ചുകൊണ്ട് പകുത്തുകിടന്ന വഴികൾ വീണ്ടും ഒന്നിയ്ക്കുന്നു, വീണ്ടും പലദിശകളിലേക്കായി വേർതിരിയുന്നു. ആ വഴികളെ പിന്തുടർന്ന് മലഞ്ചെരുവ് കയറുമ്പോൾ, ഒരതിരിൽ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ കിലുക്കം, നമ്മുടെ ശ്രദ്ധ അതൊഴുകുന്ന കൃത്രിമ കനാലിലേക്ക് തിരിയ്ക്കും. ആ സൗന്ദര്യം ഒപ്പിയെടുക്കാൻ ക്യാമറയെടുക്കുമ്പോൾ കുശുമ്പോട് കൂടി  ഈർപ്പകണികകൾ ലെൻസിൽ വന്നിരുന്ന് സൗന്ദര്യത്തിന്റെ നല്ലൊരു ഭാഗം തന്നെ നഷ്ടപ്പെടുത്തും.


 കൂട്ടുകാർ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. അപ്രതീക്ഷിതമായി ലഭിച്ച ഹരിതഭംഗി പശ്ചാത്തലമാക്കി നൃത്തം വയ്ക്കുന്ന ഞങ്ങളുടെ അതേ പ്രായമുള്ള മറ്റു കുട്ടികൾ. അതിനെ പകർത്തുന്ന തിരക്കിൽ മറ്റു ചിലരും. ക്യാമറയ്ക്ക് പിറകിൽ എപ്പോഴും നിന്നാൽ ചിലപ്പോൾ ആ യാത്ര നമ്മിൽ ഒരു ആസ്വാദനവും നൽകില്ല എന്ന ആരുടെയോ വാക്കുകൾ എന്റെ മനസ്സിൽ തെളിഞ്ഞു. ഞാൻ പതിയെ ഫോൺ പോക്കറ്റിലിട്ടു. പ്രധാനപ്പെട്ടതായി തോന്നുന്നവ മാത്രം പകർത്തിയാൽ മതിയെന്ന് തീരുമാനിച്ചു. ഉദ്യാനത്തിന്റെ വശ്യസൗന്ദര്യകാന്തങ്ങൾ തേടി കൂട്ടുകാരോടൊപ്പം നടന്നു.


1840 കളിലാണ് ഈ ഉദ്യാനത്തിന്റെ ആദ്യ ഘടന രൂപം കൊള്ളുന്നത്. അവിടെ വളർത്തുന്ന തോട്ടങ്ങളിൽ നിന്ന് പച്ചക്കറികൾ അതിനടുത്തു താമസിയ്ക്കുന്ന യൂറോപ്യൻ നിവാസികൾക്ക്  ഗാർഹികാവശ്യത്തിനായി ഉപയോഗിയ്ക്കാമായിരുന്നു. പ്രതിമാസം വെറും മൂന്ന് രൂപ അടച്ചുകൊണ്ട് വരിസംഖ്യ പുതുക്കാം. കൂടാതെ അക്കാലത്ത് പച്ചക്കറി ചന്തകളുടെ മേൽനോട്ടം ബ്രിട്ടീഷുകാരുടെ കൈയിലായതിനാൽ ഈ നടപടി വളരെ ഉപകരിച്ചു. എന്നാൽ 1847 ന്റെ ആരംഭത്തിൽ, ഹോർട്ടികൾച്ചറൽ സൊസൈറ്റിയും പബ്ലിക് ഗാർഡനും രൂപീകരിയ്ക്കുന്നതിനായി ഒരു തുക സ്വരൂപിയ്ക്കുകയുണ്ടായി. കാരണം ഹോർട്ടികൾച്ചർ നടത്തുന്നതിന് പറ്റിയ സംവിധാനങ്ങൾ അക്കാലത്തു വളരെ കുറവായിരുന്നു. അതിന് പറ്റിയൊരിടം കണ്ടെത്തുന്ന പ്രക്രിയ അവരെ ഈ ഉദ്യാനഭൂമിയിലേക്ക് കൊണ്ടു ചെന്നെത്തിച്ചു. അതിനിടയിൽ ഹോർട്ടികൾച്ചർ സൊസൈറ്റിയും രൂപീകരിച്ചിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തിൽ ഇവിടേയ്ക്ക് വില്യം ഗ്രഹാം മെക്കൈവർ(W.G McIvor) എന്നൊരാൾ എത്തുകയും ഉദ്യാനത്തെ ഒന്നു മോടിപിടിപ്പിയ്ക്കാനും പറ്റി. അദ്ദേഹം ലോകപ്രശസ്ത ബൊട്ടാണിക്കൽ ഗാർഡൻ ആയ, ക്യൂ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റോയൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഒരംഗമായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്, നാം ഇന്ന് കാണുന്ന, പലതട്ടുകളിൽ തിരിച്ചിരിയ്ക്കുന്ന രൂപമാറ്റം ഉദ്യാനത്തിന് ലഭിച്ചത്. ഏകദേശം ആറോളം തട്ടുകളിലായാണ് ഈ ഉദ്യാനം നിലകൊള്ളുന്നത്. 


    

                     


നിലവിൽ ഈ ഉദ്യാനം തമിഴ്‌നാട് സർക്കാരിന്റെ മേൽനോട്ടത്തിലാണ് നിലനിർത്തിപോരുന്നത്. 


ഉദ്യാനത്തിന്റെ ഒരു ഭാഗം കണ്ടുകഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു.. കുറച്ച് വിശ്രമിയ്ക്കാനായി വിശാലമായ മൈതാനത്തിരുന്നു. ശൈത്യം മരങ്ങളെ ഇല പൊഴിയ്ക്കാനായി ഒരുക്കി നിർത്തിയിരിയ്ക്കുന്നു. വാടിത്തളർന്ന ശിഖരങ്ങളുമായി നിന്ന ഒരു വലിയ മരത്തിന്റെ നിഴലിൽ ഞങ്ങൾ കുറച്ചുപേർ ഇരുന്നു. 


അവിടെ സഞ്ചാരികൾക്കായി ഫോട്ടോകാളെടുക്കുകയും പ്രിന്റെടുത്ത് കൈയിൽ തരുവാനുമായി രണ്ടു മൂന്ന് ഫോട്ടോഗ്രാഫർമാർ മൈതാനത്തിലെ വെയിലും കൊണ്ട് നടക്കുന്നുണ്ടായിരുന്നു. നേരത്തെ പോകുന്ന വഴിയ്ക്ക് കണ്ടു പരിചയമുള്ള ഒരു ഫോട്ടോഗ്രാഫറിനോട് ഞങ്ങളുടെ സംഘത്തിന്റെ ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. കുറച്ചുപേർ അത് സൂക്ഷിച്ചുവെയ്ക്കാനായി കുറച്ച് പ്രിന്റും വാങ്ങിച്ചു.


കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം ഉദ്യാനം വിട്ട് ഞങ്ങളുടെ സ്കൂളിൽ നിന്നുള്ള മുഴുവൻ സംഘവും പുറത്തിറങ്ങി. പുറത്തുള്ള ടിബറ്റൻ മാർക്കറ്റിലായി ഞങ്ങൾ ചിന്നി ചിതറി.


ടിബറ്റൻ മാർക്കറ്റ് 



ഒരു സുവനീർ കിട്ടുമോ എന്നായിരുന്നു എന്റെ അന്വേഷണം. പക്ഷെ ടൂറിസ്റ്റ് കേന്ദ്രമായതിനാൽ സാധനങ്ങൾക്കെല്ലാം വില കുറച്ച് കൂടുതലായിരിയ്ക്കും. കൂടാതെ അന്വേഷിച്ചിടത്തൊന്നും ഊട്ടിയെ പറ്റി ഓർമിപ്പിയ്ക്കുന്ന ഒന്നും കിട്ടിയില്ല. കുറച്ച് ദൂരെ പോയി വാങ്ങാമെന്നു കരുതിയാൽ കൂട്ടം തെറ്റുമെന്ന് ഉറപ്പായിരുന്നു. ഫോൺ കൂടെയുണ്ടെങ്കിലും അതെനിക്ക് ധൈര്യം പകർന്നില്ല.


ഉച്ചഭക്ഷണത്തിനായി ഞങ്ങൾ രാത്രി തങ്ങിയ അതേ ഹോട്ടലിലെത്തി. ഉച്ചഭക്ഷണം കഴിഞ്ഞയുടൻ ഹോട്ടലിനോട് അടുത്തുള്ള ഒരു തടാകക്കരയിലെത്തി. സമയമില്ലാത്തതിനാൽ അവിടെയൊരുക്കിയ ബോട്ട് യാത്രയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞിരുന്നു. പിന്നെ അതിനെ കുറിച്ചും ചിന്തിച്ചില്ല.


 തടാകത്തിനോട് ചേർന്നുകൊണ്ട് നീണ്ട കിടക്കുന്ന വോക്‌വേ. അതിന്റെ അറ്റത്ത് നിന്ന് നോക്കിയാൽ തടാകത്തിലൂടെ ഒഴുകുന്ന ചെറുതോണികൾ കാണാം. ഹംസത്തിന്റെ തലയുള്ളതും പല വർണത്തിലുമായി അനേകം തോണികൾ. അതിലിരുന്ന് തുഴയുന്ന സഞ്ചാരികൾ. അക്കരെ ഇലപൊഴിഞ്ഞ് തുടങ്ങിയ വൃക്ഷങ്ങൾ. ആകാശവും ഭൂമിയും ചേർന്ന് തടാകത്തിന് നിറം പകർന്നുകൊടുത്തിരിയ്ക്കുന്നു. സൂര്യരശ്മികൾ പടിഞ്ഞാറിനോട് ചേർന്നുകൊണ്ട് ജലപ്പരപ്പിൽ വെള്ളിരേഖകൾ വരച്ചിട്ടു.



അവിടെയുണ്ടായിരുന്ന പാർക്കിൽ നിന്നും സുഹൃത്തുക്കളുടെ ചിരിയും ആർപ്പുവിളികളും അന്തരീക്ഷത്തിൽ പടർന്നു. ഊട്ടിയെന്ന് വിളിപ്പേരുള്ള ഉദകമണ്ഡലമെന്ന പട്ടണത്തിലെ അവസാന നിമിഷങ്ങൾ സന്തോഷപൂർണമാക്കുന്നതിന്റെ ശ്രമങ്ങളാണവ. 


“നീയൊന്നും വാങ്ങിയില്ലേ?”- തിരികെപോകാൻ നേരം ഒരു സുഹൃത്ത് ചോദിച്ചു.

“ഇല്ല ”- പോക്കറ്റിൽ കരുതിയ ഒഴിഞ്ഞ കൈകൾ അവൾക്ക് നേരെ കാട്ടി ഞാൻ പറഞ്ഞു.

“നല്ല കുട്ടി. വീട്ടിൽ നിന്ന് വന്നപോലെ തന്നെ തിരികെ പോകണം.” - ചിരിച്ചുകാട്ടി അവൾ മുന്നോട്ട് നടന്നു.

ഞാനും തിരികെ പുഞ്ചിരിച്ചു.


അതെ, ചെലവഴിയ്ക്കേണ്ട നിമിഷങ്ങൾക്ക് ഒരറുതിയാകുന്നു. ഓർമയ്ക്കായി കൈയിൽ കരുതാൻ ഒന്നുമില്ല. തിരികെ പോകാൻ സമയവുമായിരിയ്ക്കുന്നു. പക്ഷെ, മനസ് നിറയെ കണ്ടയോരായിരം കാഴ്ചകളാണ്.


അല്ല, ഇനിയും മനസ്സുനിറയാത്തൊരു തോന്നൽ. ചെപ്പിലടയ്ക്കാൻ പറ്റാത്തൊരു കനിയായി ഊട്ടിയിപ്പോഴും കണ്മുൻപിലുണ്ട്. ഇനിയും വരേണ്ടിയിരിയ്ക്കുന്നു.


ബസ് ചുരമിറങ്ങി. ഇനി മടക്കയാത്ര.


എന്റെ പാദുകങ്ങളിൽ അപ്പോഴും ഊട്ടിയിലെ ഒരായിരം മണൽത്തരികളുണ്ടായിരുന്നു, ആയിരം സുവനീരു കണക്കെ.








(അവസാനിച്ചു.)


Comments

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...