Skip to main content

സ്വാതന്ത്ര്യവും സമാധാനവും

വെളുത്തപക്ഷി തന്റെ തൂവെള്ള ചിറകു വിടർത്തി. പതിയെ, പതിയെ, അവൻ പറന്നു.ഉയരെ, ഉയരെ അവൻ പറന്നു.

അംബരത്തിന്റെ അനന്തമായ മേഘപാളികളിലൂടെ അവൻ ഊളിയിട്ടിറങ്ങി. പക്ഷി ആകാശത്തിന്റെ നീലിമയിൽ തലങ്ങും വിലങ്ങും ചാഞ്ഞും ചരിഞ്ഞും പാറി നടന്നു.

പെട്ടെന്ന് മാനമിരുണ്ടു. കറുത്ത കാറുകൾ കൊണ്ട് ആകാശം നിറഞ്ഞു.

അവന് അജ്ഞാതമായ കറുത്ത രണ്ടു പക്ഷികൾ പ്രത്യക്ഷപ്പെട്ടു. അവർ അവന്റെ തൂവെള്ള ചിറകുകളെ കുത്തിനോവിച്ചു.

പക്ഷി പിടഞ്ഞ് ഭൂമിയുടെ മടിത്തട്ടിൽ വന്ന് പതിച്ചു.

മൂടിക്കെട്ടിയ ഇരുണ്ടമേഘങ്ങൾ ഭൂമിയിൽ വർഷം വിതച്ചു. ആ മഴയിൽ നനവേറ്റ് അവന്റെ മുറിവേറ്റ ചിറകുകൾ നീറിപ്പുകഞ്ഞു.

മഴ തോർന്നപ്പോൾ ഒരു ബാലൻ അവന് അഭയമേകി, അവന്റെ ചിറകുകളെ ശുശ്രൂഷിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം പക്ഷിക്ക് ആരോഗ്യം തിരികെ ലഭിച്ചു. ബാലൻ അവനുമായി കുന്നിലേക്കോടി. തെളിമയാർന്ന ആകാശത്തിന്റെ ഒരു കോണിലേക്ക് ബാലൻ അവനെ പറത്തിവിട്ടു.

അവൻ വീണ്ടും പറന്നു. ഇന്ന് അവൻ കൂടുതൽ ശ്രദ്ധാലുവാണ്. അധികം വൈകാതെ ആ ശത്രുക്കളെത്തി.

ഇപ്രാവിശ്യവും അവരുടെ ശ്രദ്ധ അവനെ കീഴ്പ്പെടുത്തുക എന്ന് തന്നെയായിരുന്നു.

പക്ഷെ, പക്ഷി അവരുടെ ആക്രമണത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവൻ അവരെ ചെറുത്തുനിന്നു.

അവസാനം വെളുത്ത പക്ഷി തന്നെ വിജയം പിടിച്ചെടുത്തു. ഒരു മരത്തിന്റെ കൊമ്പിലിരുന്ന് അവന്റെ ചിറകിന്റെ വെള്ള തൂവലിൽ കുടുങ്ങിക്കിടന്നിരുന്ന കറുത്തപക്ഷികളുടെ തൂവലുകളെല്ലാം അവൻ കൊച്ചു ചുണ്ടുകൊണ്ട് അടർത്തി താഴെയിട്ടു.

പതിയെ, ആ പക്ഷി വാനം വിരിച്ചിട്ട നീലയിൽ തന്റെ ചിറകു വിടർത്തി.

ഭൂമി അവന് ഒലിവിന്റെ ഇലകൾ സമ്മാനിച്ചു. അവൻ അതുമായി ഉയരങ്ങളിലേക്ക് പറന്നു.

പക്ഷിയുടെ തൂവെള്ള ചിറകും ചുണ്ടിലൊതുക്കിയ ഒലിവും ഭൂമിയിലുള്ള അവന്റെ സഹജീവികൾക്കും സുഹൃത്തുകൾക്കും പുത്തൻ സന്ദേശമേകി...


Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഇനിയും എഴുതണം

    ReplyDelete
  2. നല്ല ആഖ്യാനം

    ReplyDelete
  3. നല്ല ആഖ്യാനം

    ReplyDelete

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...