വെളുത്തപക്ഷി തന്റെ തൂവെള്ള ചിറകു വിടർത്തി. പതിയെ, പതിയെ, അവൻ പറന്നു.ഉയരെ, ഉയരെ അവൻ പറന്നു.
അംബരത്തിന്റെ അനന്തമായ മേഘപാളികളിലൂടെ അവൻ ഊളിയിട്ടിറങ്ങി. പക്ഷി ആകാശത്തിന്റെ നീലിമയിൽ തലങ്ങും വിലങ്ങും ചാഞ്ഞും ചരിഞ്ഞും പാറി നടന്നു.
പെട്ടെന്ന് മാനമിരുണ്ടു. കറുത്ത കാറുകൾ കൊണ്ട് ആകാശം നിറഞ്ഞു.
അവന് അജ്ഞാതമായ കറുത്ത രണ്ടു പക്ഷികൾ പ്രത്യക്ഷപ്പെട്ടു. അവർ അവന്റെ തൂവെള്ള ചിറകുകളെ കുത്തിനോവിച്ചു.
പക്ഷി പിടഞ്ഞ് ഭൂമിയുടെ മടിത്തട്ടിൽ വന്ന് പതിച്ചു.
മൂടിക്കെട്ടിയ ഇരുണ്ടമേഘങ്ങൾ ഭൂമിയിൽ വർഷം വിതച്ചു. ആ മഴയിൽ നനവേറ്റ് അവന്റെ മുറിവേറ്റ ചിറകുകൾ നീറിപ്പുകഞ്ഞു.
മഴ തോർന്നപ്പോൾ ഒരു ബാലൻ അവന് അഭയമേകി, അവന്റെ ചിറകുകളെ ശുശ്രൂഷിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം പക്ഷിക്ക് ആരോഗ്യം തിരികെ ലഭിച്ചു. ബാലൻ അവനുമായി കുന്നിലേക്കോടി. തെളിമയാർന്ന ആകാശത്തിന്റെ ഒരു കോണിലേക്ക് ബാലൻ അവനെ പറത്തിവിട്ടു.
അവൻ വീണ്ടും പറന്നു. ഇന്ന് അവൻ കൂടുതൽ ശ്രദ്ധാലുവാണ്. അധികം വൈകാതെ ആ ശത്രുക്കളെത്തി.
ഇപ്രാവിശ്യവും അവരുടെ ശ്രദ്ധ അവനെ കീഴ്പ്പെടുത്തുക എന്ന് തന്നെയായിരുന്നു.
പക്ഷെ, പക്ഷി അവരുടെ ആക്രമണത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവൻ അവരെ ചെറുത്തുനിന്നു.
അവസാനം വെളുത്ത പക്ഷി തന്നെ വിജയം പിടിച്ചെടുത്തു. ഒരു മരത്തിന്റെ കൊമ്പിലിരുന്ന് അവന്റെ ചിറകിന്റെ വെള്ള തൂവലിൽ കുടുങ്ങിക്കിടന്നിരുന്ന കറുത്തപക്ഷികളുടെ തൂവലുകളെല്ലാം അവൻ കൊച്ചു ചുണ്ടുകൊണ്ട് അടർത്തി താഴെയിട്ടു.
പതിയെ, ആ പക്ഷി വാനം വിരിച്ചിട്ട നീലയിൽ തന്റെ ചിറകു വിടർത്തി.
ഭൂമി അവന് ഒലിവിന്റെ ഇലകൾ സമ്മാനിച്ചു. അവൻ അതുമായി ഉയരങ്ങളിലേക്ക് പറന്നു.
പക്ഷിയുടെ തൂവെള്ള ചിറകും ചുണ്ടിലൊതുക്കിയ ഒലിവും ഭൂമിയിലുള്ള അവന്റെ സഹജീവികൾക്കും സുഹൃത്തുകൾക്കും പുത്തൻ സന്ദേശമേകി...

കൊള്ളാം നന്നായിട്ടുണ്ട് ഇനിയും എഴുതണം
ReplyDeleteകൊള്ളാം 👌👌
ReplyDeleteനല്ല ആഖ്യാനം
ReplyDeleteനല്ല ആഖ്യാനം
ReplyDelete