(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...
"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക് ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."
നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)
2)യാത്രയുടെ ആരംഭം
രാവിലെ 7 മണിക്ക് എഴുന്നേറ്റു. സാധാരണദിവസം പോലെ പ്രഭാതകൃത്യങ്ങൾ നടത്തി. ഉള്ളിൽ നിറയെ യാത്രയുടെ.ആവേശമായിരുന്നു. യാത്രയ്ക്കിടയിൽ കാണാൻ ആഗ്രഹിക്കുന്ന കുറേയധികം പ്രകൃതിരമണീയമായ കാഴ്ചകൾ മനസിൽ വരച്ചിട്ടു.
ബസിൽ കയറുമ്പോൾ ചർദ്ദിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
"ഛർദ്ദിയ്ക്കാണെങ്കിൽ ഛർദ്ദിച്ചോട്ടെടാ.... ഛർദ്ദിച്ച് കഴിഞ്ഞാൽ അത് കഴിഞ്ഞില്ലേ...?" എന്ന അച്ഛന്റെ വാക്കുകളുടെ ബലത്തിൽ ഞാനാ ആശങ്കയെ കാര്യമാക്കിയെടുത്തില്ല.
അച്ഛൻ എന്നെ സ്കൂളിൽ കൊണ്ടു പോകുമ്പോൾ കൂടെ അമ്മയും വരും എന്ന് അമ്മ പറഞ്ഞു. എല്ലാ പ്രാവശ്യവും ഞാൻ യാത്രപോകുമ്പോൾ അച്ഛനും അമ്മയുമാണ് എന്നെ യാത്രയ്ക്ക് പറഞ്ഞുവിടാൻ കൂടെ വരിക. ആ പതിവ് എല്ലാ പ്രാവശ്യവും മുറതെറ്റാതെ നടക്കാൻ അമ്മ ആഗ്രഹിച്ചിരുന്നു.
എങ്ങനെയായാലും കൃത്യസമയത്ത് യാത്ര പുറപ്പെടുന്ന സ്ഥലത്ത് എത്തും, എന്ന് കരുതി സാധാരണ പോലെയാണ് എല്ലാ പുറപ്പാടും നടത്തിയത്. പക്ഷേ നിർഭാഗ്യവശാൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ സമയം ഒൻപതു കഴിഞ്ഞിരുന്നു. കുട്ടികൾ എത്തിത്തുടങ്ങിയിട്ടുണ്ടാവുള്ളൂ എന്ന് പറഞ്ഞ് അച്ഛൻ എന്നെ സമാധാനപ്പെടുത്തി.
അങ്ങനെ എറണാകുളം ഗേൾസ് ഹൈസ്കൂളിൽ എത്തി. അച്ഛൻ പറഞ്ഞതുപോലെ കുട്ടികൾ എത്തി തുടങ്ങുന്നതേയുള്ളൂ. കുറച്ച് കൂട്ടുകാർ നേരത്തെ അവിടെ എത്തിയിട്ടുണ്ട്. ഞാൻ സമാധാനത്തോടെ ബാഗും തൂക്കി ആ കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.
പലരും ഓരോ കൂട്ടമായി ചേർന്ന് സംസാരിക്കുകയാണ്. അവരിൽ നിന്നെല്ലാം മാറി ഒരു ചങ്ങാതി മാത്രം ഒറ്റയ്ക്ക് നിൽപ്പുണ്ടായിരുന്നു. ഞാൻ അവന്റെ അടുത്ത് ചെന്ന് കൂട്ടായി നിന്നു. ഞങ്ങൾ ഇരുവരും സംസാരം തുടങ്ങി. ഒരു കൂട്ടം ക്ലാസുമുറികൾ ഒരുമിച്ച് പണിത ഒരു സ്കൂൾ കെട്ടിടത്തിന് വരാന്തയിലാണ് ഞങ്ങൾ നിൽക്കുന്നത്. സംസാരത്തിൽ മുഴുകിയിരിക്കുമ്പോൾ മറ്റൊരു സുഹൃത്ത് ഞങ്ങളുടെ കൂട്ടത്തിനെ ലക്ഷ്യമാക്കി അടുക്കുന്നത് കണ്ടു. അവൻ എപ്പോഴും കൊണ്ടുനടക്കുന്ന ഒരു ഷോൾഡർ ബാഗ് ഇന്നും അവൻ കൈയിൽ കരുതാൻ മറന്നിട്ടില്ല. കൂടാതെ അവന്റെ കൈയിൽ ഒരു പായ്ക്കറ്റ് ചക്കയുടെയോ ഉരുളക്കിഴങ്ങിന്റെയോ ചിപ്സ് ഉണ്ടായിരുന്നു.
ഞാൻ വരുന്നതിനു മുൻപേ ഞങ്ങൾ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത ബസ് എത്തിയിരുന്നു. ഒരു വെള്ളനിറത്തിലുള്ള നല്ല വലിപ്പവും നീളവുമുള്ള ഒരു ടൂറിസ്റ്റ് ബസ്.എന്റെ ഓർമ്മ ശരിയാണെങ്കിൽ "പ്രിൻസ്" എന്ന് വലിയ അക്ഷരത്തിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ്സിനു മുകളിൽ ഒട്ടിച്ചിരുന്നു. ബസിന് നൽകിയ പേര് ഉചിതം തന്നെ. തലയെടുപ്പുള്ള ആന യെ പോലെ തലയുയർത്തി നിൽക്കുന്ന രാജകുമാരനെ പോലെ ആണ് അതിന്റെ നിർത്തം.
ബസ് പുറപ്പെടാൻ തയ്യാറായി നിന്നു. ഞങ്ങൾ ബസ്സിൽ വരിവരിയായി കയറി. ഇനിയും കുറച്ചു പേരെത്താനുണ്ട്. അവർ പലപല ബസ് സ്റ്റോപ്പുകളിൽ നിന്ന് ഞങ്ങളുടെ യാത്രാബസിൽ കയറും എന്നാണ് അറിയിച്ചത്. അവരെ അവിടെനിന്ന് കൂടെകൂട്ടുക എന്ന ദൗത്യം കൂടി ബസിന് ചെയ്തുതീർക്കാനുണ്ട്.
അതുവരെ അച്ഛനും അമ്മയും സ്കൂളിന്റെ പരിസരത്ത് ഉണ്ടായിരുന്നു. പെട്ടെന്ന് അച്ഛൻ തന്നെ സ്കൂട്ടറിൽ കയറി സ്കൂൾ ഗേറ്റിന് പുറത്തേക്കുപോയി. ഒരു പ്ലാസ്റ്റിക് കവർ സംഘടിപ്പിച്ച് അച്ഛൻ തിരികെയെത്തി. ആ കവർ എനിക്ക് തന്നു. ഇനിയെങ്ങാനും ഛർദ്ദിക്കുകയാണെങ്കിൽ കവറിലാക്കി കെട്ടി കളയാമല്ലോ.
ബസ് പുറപ്പെട്ടു. റോഡിന്റെ കൃത്യം നടുവിൽ മെട്രോ പാളങ്ങൾ പൂർത്തീകരിക്കുന്ന തിരക്കാണ്. മെട്രൊ തൂണുകൾ പകുതിയായി മുറിച്ചു കീറിയ റോഡിന്റെ ഒരു വശത്തിലൂടെ ഞങ്ങളുടെ ബസ്സ് നീങ്ങി.
മനസ്സിന്റെ ഭിത്തിയിൽ കോറിയിട്ട ഒരുകൂട്ടം ദൃശ്യങ്ങളെ നേരിൽ കാണാൻ കാത്ത് ഞാൻ ബസ്സിന്റെ ജാലകത്തിനടുത്തുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു. ബസ് നിരത്തിലൂടെ ഉഷാറോടെ നീങ്ങിത്തുടങ്ങി.
(തുടരും..)
നന്നായിട്ടുണ്ട് മോനെ🥰🥰🥰
ReplyDeleteKeep it up!
Excellent 👍
ReplyDeleteഅടുത്ത ഭാഗം വായിക്കാൻ ശെരിക്കും തോന്നുന്നു
ReplyDelete