ആദ്യം ഇതു വായിക്കുക..
(U.S.S സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് പ്രത്യേകമായി പ്രഗൽഭ അധ്യാപകരുടെ ക്ലാസുകൾ എടുത്തു കൊടുക്കുന്ന ഒരു ക്യാമ്പാണ് Gifted children. Gifted children എന്ന ക്യാമ്പിൽ പങ്കെടുക്കാൻ എനിക്കും ഭാഗ്യമുണ്ടായി. ഈ ക്യാമ്പിന്റെ ഭാഗമായി നടത്തിയിരുന്ന ഒരു വിനോദയാത്രയുടെ യാത്രാവിവരണമാണിത്. ഒരു ലഘു പരമ്പരയായാണ് നിങ്ങൾക്ക് മുൻപിൽ ഞാൻ ഈ യാത്രാവിവരണം പങ്കുവയ്ക്കുന്നത്. പതിവുപോലെ ഞായറാഴ്ചകളിൽ പരമ്പരയുടെ ഓരോ ഭാഗങ്ങൾ നിങ്ങൾക്ക് വായിക്കാവുന്നതാണ്.)
1) യാത്രയുടെ മുന്നൊരുക്കങ്ങൾ
"gifted children 2018 19" എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു. ഞങ്ങളുടെ ഗിഫ്റ്റഡ് ചിൽഡ്രൻ ബാച്ചിനെ മേൽനോട്ടം വഹിക്കുന്ന ടീച്ചറുടെയാണ് സന്ദേശം.ഒരു വിനോദയാത്രയ്ക്കുള്ള അറിയിപ്പാണ് ലക്ഷ്യം മാംഗോ മെഡോസ്. കോട്ടയത്താണ് ഈ സ്ഥലം എന്നുള്ള അറിവ് അച്ഛനിൽ നിന്ന് എനിക്ക് പകർന്നു കിട്ടി. സമയവും കാലവും ഒക്കെ മെസ്സേജിൽ നല്കിയിട്ടുണ്ടായിരുന്നു. (യാത്ര പോയ തീയതി എനിക്ക് ഓർമ്മയില്ല. പക്ഷേ അന്ന് ഒരു പ്രവൃത്തി ദിവസമായിരുന്നു.)
അച്ഛൻ എനിക്ക് മാംഗോ മെഡോസിന്റെ കുറച്ച് ചിത്രങ്ങൾ നെറ്റിൽ നിന്നെടുത്ത് കാണിച്ചു തന്നു. യാത്രയ്ക്ക് പങ്കെടുക്കാൻ അച്ഛൻ സമ്മതിച്ചു. ഞാൻ ആ ദിവസത്തിനായി കാത്തുനിന്നു.
സമയം കാണിക്കുന്ന ക്ലോക്കിലെ സെക്കന്റ് സൂചി ഉഷാറോടെ പതിന്മടങ്ങ് വേഗത്തിൽ ചലിച്ചാൽ മതിയെന്നായി എനിക്ക്. പക്ഷേ എന്റെ മനസ്സ് വായിച്ചിട്ടെന്നാകണം സാധാരണഗതിയേക്കാൾ വേഗത കുറച്ചാണ് കക്ഷി ചലിക്കുന്നതെന്ന് എനിക്ക് തോന്നി. അങ്ങോട്ടുമിങ്ങോട്ടും നടന്ന്, പിന്നെ വല്ലതും വായിച്ച്, ചിത്രം വരച്ച് അങ്ങനെ എനിക്കറിയാവുന്ന എല്ലാ അടവുകളും പയറ്റിയിട്ടും സമയം നീങ്ങാത്ത പോലെ എനിക്കനുഭവപ്പെട്ടു.
ചെറുപ്പത്തിലും ഇത്തരം സന്ദർഭങ്ങൾ വരുമ്പോൾ എനിക്ക് വീട്ടിലെ ക്ലോക്കിനോട് വളരെയധികം വെറുപ്പ് തോന്നിയിരുന്നു. "നിനക്കെന്താടാ എന്നോടിത്ര അസൂയ" എന്ന് ചോദിക്കണമായിരുന്നു. സൂചിയെന്ന വമ്പന്റെ മന്ദം മന്ദമുള്ള നടത്തം കണ്ടാൽ, എന്റെ ആഗ്രഹം നടത്താൻ അവനൊരാഗ്രഹവുമില്ലെന്ന് തോന്നും.
ഇന്നതാലോചിക്കുമ്പോൾ ചിരിയാണ് വരിക.
അങ്ങനെ വളരെ സവകാശമെടുത്ത് ദിവസങ്ങൾ നീങ്ങിത്തുടങ്ങി. വിനോദയാത്രയ്ക്ക് നിശ്ചയിച്ച ദിവസം ഒരു പ്രവൃത്തിദിവസമായിരുന്നല്ലോ...(ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.)
അതിനാൽ അവധിയനുവദിച്ചു കിട്ടിയാലേ യാത്രയ്ക്കു പങ്കെടുക്കാൻ സാധിക്കൂ. ഞാൻ കൂട്ടുകാരോടൊക്കെ യാത്രയ്ക്കു പങ്കെടുക്കുന്ന കാര്യം പങ്കുവച്ചു. അമ്മ ക്ലാസ് ടീച്ചറോട് അന്നേക്കുള്ള അവധി ചോദിച്ചു. ടീച്ചർ അംഗീകരിച്ചു. ഇനി ആ ദിവസം കൂടി ഇങ്ങെത്തിയാൽ മതി.
നീന്താൻ ആഗ്രഹമുള്ളവർ നീന്തൽ വസ്ത്രമോ,ഒരു വസ്ത്രം അധികമോ കൈയിൽ കരുതണമെന്ന് മെസ്സേജിൽ കണ്ടു.ജീൻസ് പാടില്ല എന്ന് പ്രത്യേകിച്ച് രേഖപ്പെടുത്തിയിരുന്നു. എനിക്ക് നീന്തൽ അറിയാത്തതുകൊണ്ട് നീന്തൽ വസ്ത്രത്തിന്റെ കാര്യത്തിൽ ഒന്നും ഞാൻ ശ്രദ്ധ പുലർത്തിയില്ല.
ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. ഒൻപതു മണിയാകുമ്പോഴേക്കും എറണാകുളം ഗവൺമെൻറ് ഗേൾസ് സ്കൂളിൽ എത്തണം എന്ന് അറിയിച്ചിട്ടുണ്ട്.
അങ്ങനെ ആഗ്രഹിച്ച ദിവസത്തെ തലേദിവസം, ധൃതിയും സന്തോഷവും എല്ലാം കൂടിക്കലർന്ന ഒരു ദിവസം. രാത്രിയാകാൻ ഞാൻ വളരെ വിഷമിച്ച് കാത്തുനിൽക്കേണ്ടിവന്നു. നിശയുടെ തണുപ്പിൽ ലോകത്തിലെ ഒരു കോണിലുള്ള, എന്റെ കോൺക്രീറ്റ് (വാടക)വീട്ടിലെ ചൂടിൽ ഞാൻ ഉറങ്ങി. നിശ തന്റെ കറുത്ത കമ്പളം കൊണ്ട് ലോകത്തെയാകെ പുതപ്പിച്ചു കിടത്തി.
യാത്ര വിവരണം ഗംഭീര മാവുന്നുണ്ട്.all the best.Ajitha
ReplyDeleteThank You
Deleteസുഖമുള്ള വായനാനുഭവം
ReplyDeleteഎഴുത്ത് മികവുറ്റതാകുന്നു
Kollaam nalla rasam und vaayikaan..
ReplyDeleteAll the best