ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഒരു ദീർഘദൂര സഞ്ചാരം. എൻ്റെ വിദ്യാലയജീവിതത്തിൽ തന്നെ, ഞാൻ ആദ്യമായി പങ്കെടുക്കാൻ പോകുന്ന രണ്ടു ദിവസ-സഞ്ചാരം. അതുകൊണ്ട് ഞാൻ വളരെയധികം ആകാംഷാഭരിതനായിരുന്നു. യാത്രയ്ക്കിടയിൽ എവിടെയെല്ലാം സന്ദർശിയ്ക്കുമെന്നും, അത് എപ്പോഴെല്ലാമായിരിയ്ക്കുമെന്നും ഒരു ഏകദേശ ധാരണ അധ്യാപകരിൽ നിന്ന് അറിയാൻ സാധിച്ചിരുന്നു.
എന്നാലും എൻ്റെ അക്ഷമയും കൗതുകവും ഏറിക്കൊണ്ടിരുന്നു.
1
11 / 1 / 2023
ഹയർ സെക്കന്ററിയിൽ നിന്നുള്ള (പഠന/വിനോദ)യാത്രയുടെ ആദ്യ ദിനം.
വളരെ നേരത്തെ തന്നെ സ്കൂളിൽ നിന്ന് പുറപ്പെടണമെന്നായിരുന്നു അധ്യാപകരുടെയെല്ലാം കണക്കുകൂട്ടൽ. ഏകദേശം പകൽ അഞ്ചിനോ ആറിനോ പുറപ്പെടണമെന്നായിരുന്നു തീരുമാനം, എന്നാണ് ഓർമ. അതിന് ഒരു മണിക്കൂർ മുൻപേ കുട്ടികളെല്ലാം എത്തണമെന്നാണ് നിർദ്ദേശം. ഉദ്ദേശിച്ച പോലെത്തന്നെ വിദ്യാലയവളപ്പിൽ എത്താൻ സാധിച്ചു. എന്നാൽ അതുകഴിഞ്ഞും കുട്ടികൾ എത്തിക്കൊണ്ടിരുന്നു. സമയം ആറരയോടടുത്തപ്പോൾ യാത്രയ്ക്ക് പേരുകൊടുത്തവരെല്ലാം എത്തിച്ചേർന്നു. പതിയെ ക്ലാസ്സിലെ ഏവരും ഒറ്റ വരിയായി മൈതാനത്ത് നിന്നു. ഞങ്ങളുടെ ക്ലാസൊഴികെ ബാക്കിയുള്ളവർ നേരത്തേ, അവർക്ക് അനുവദിച്ച ബസുകളിൽ സീറ്റുറപ്പിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രായം ഇരുപത് തികഞ്ഞെന്നു തോന്നിയ്ക്കുന്ന ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ വരിയ്ക്കരികിലെത്തി.ഞങ്ങളെ ബസിലേക്ക് വഴിതെളിയ്ക്കാനാണ് ആ ചെറുപ്പക്കാരൻറെ ചുമതല. അതദ്ദേഹം വളരെ മാന്യമായ രീതിയിൽ ചെയ്തുതീർത്തു. ബസ് നിർത്തിയിട്ടിരിയ്ക്കുന്നേടത്തേക്ക് പോകുന്ന വഴി, വരിയുടെ മുന്നിലെ കുട്ടികളുടെ പേരും മറ്റും ചോദിച്ചു മനസ്സിലാക്കുകയായിരുന്നു അയാൾ.
ബസിൽ കയറിയയുടനെ സീറ്റുപിടിച്ചു. ഒരു വിധേന മധ്യഭാഗത്തെന്ന് തോന്നിയ്ക്കുന്ന ഒരു സീറ്റു കിട്ടി. സീറ്റുകിട്ടിയല്ലോ എന്ന് കരുതി സമാധാനിച്ചിരിയ്ക്കുമ്പോൾ പെൺകുട്ടികൾ വന്ന് വാഗ്സാമർത്ഥ്യത്തോടെ ആ ഇരിപ്പിടം കരസ്ഥമാക്കി. അവർക്ക് മുൻപിൽ പിടിച്ച് നില്ക്കാൻ എന്റെ കൈവശം സാമർത്ഥ്യം ഇല്ലാത്തതിനാൽ എന്റെ ഇരിപ്പിടം പതിയെ പതിയെ പുറകോട്ടായി. അങ്ങനെ ഹാജർ വിളിയ്ക്കുന്നതിന് മുൻപ്, പിറകിൽ നിന്ന് രണ്ടാമത്തെ നിരയിലായി എന്റെ സ്ഥാനം. കൂടെ എന്റെ ഉറ്റസുഹൃത്തുക്കളിലൊരുവനായ ആദിത്യനുമുണ്ടായിരുന്നു. ഹാജർ വിളിച്ചതിനുശേഷം ഞങ്ങൾക്ക് സസ്യശാസ്ത്രം പഠിപ്പിയ്ക്കുന്ന ക്ലാസ്സ്‌ടീച്ചർ,ശ്രീജിത്ത് സാർ ഞാനും ആദിത്യനുമിരുന്നതിന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു.
മധ്യനിരയിൽ ലഭിച്ച സീറ്റ് നഷ്ടപ്പെടുത്തി പുറകിൽ വന്നിരുന്നതിലുള്ള എന്റെ പ്രവൃത്തിയിൽ, മാതാപിതാക്കൾക്കുണ്ടായ അതൃപ്തി അവർ പ്രകടിപ്പിച്ചു. ഞാനെന്റെ നിസഹായത പറഞ്ഞ് അവർക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും, അതെന്റെ കഴിവില്ലായ്മ തന്നെയാണെന്ന് അവർ ഓർമിപ്പിച്ചു. മറ്റുള്ളവർക്ക് മുൻപിൽ തന്റെ നിലപാട് പറഞ്ഞ് ഫലിപ്പിയ്ക്കാനുള്ള കഴിവ് എന്നിൽ ഇതുവരെ വികസിച്ചിട്ടില്ലെന്ന് അവർ ഓർമിപ്പിച്ചുകൊണ്ട് എന്നോട് യാത്രയോതി. സീറ്റിനരികിലെ ജാലകത്തിലൂടെ ഞാനും.
യാത്രയിൽ അഞ്ചു ബസുകളുണ്ടായിരുന്നുവെന്നാണ് ഓർമ. സമയാസമയങ്ങളിൽ അവ തങ്ങളുടെ ഊഴമനുസരിച്ചു നിരത്തിലേക്കിറങ്ങി. കൂടെ ഞങ്ങളുടെ ബസും. ബസ് തന്റെ ശരാശരി വേഗത കൈവരിച്ചിരിയ്ക്കുന്നു. ഹാജർ വിളിയ്ക്കാനായി ഉപയോഗിയ്ക്കുന്ന, കുട്ടികളുടെ പേരുകൾ നിറഞ്ഞ പേപ്പറും, മറ്റ് ചില സാമഗ്രികളും നിറഞ്ഞ തന്റെ തുണിസഞ്ചി അടുത്തായി വച്ച ശേഷം മാഷ് സ്വന്തം സീറ്റിൽ ചാരിയിരുന്നു.
ആരംഭത്തിൽ, പിന്നിടുന്ന ദൂരങ്ങളിൽ പരിചിതത്വം നിഴലിച്ചിരുന്നു. അതുകൊണ്ടുതന്നെ പുറത്തെ കാഴ്ചകൾ വേഗം മടുത്തുകഴിഞ്ഞിരുന്നു. യാത്രയ്ക്കിടയിൽ ചിത്രം പകർത്താൻ കൈവശം വച്ചിരുന്ന അമ്മയുടെ ഫോണിൽ നിന്ന് പാട്ടുകേൾക്കാമെന്ന് കരുതി. എന്നാൽ ബസ്-യാത്ര തുടങ്ങുന്നതിന് മുൻപ് കുറച്ചു പാട്ട് കേട്ടതിനാൽ നെറ്റ്‌വർക്ക് ഡാറ്റ അതിൻറെ അവസാന നിമിഷങ്ങളിലായിരുന്നു.
കൂട്ടുകാരുടെ ആവശ്യപ്രകാരം ബസിൽ പാട്ടുവച്ചു. അതിനൊത്ത് ഡാൻസും അരങ്ങേറി. ശബ്ദത്തിൻറെ കാഠിന്യം അതുപോലെത്തന്നെ ചെവിക്കുട സ്വീകരിച്ച് ചെവിക്കുഴലിലേക്ക് വഴിതിരിച്ചുവിട്ടു. നിർമ്മാല്യത്തിലെ വെളിച്ചപ്പാടുകണക്കേ ചെവിയുടെ അകത്തളങ്ങൾ ശബ്ദത്തിനൊത്ത് ഉറഞ്ഞുത്തുള്ളി. ആ അലോസരം ഒഴിവാക്കാൻ പതിയെ കൈയിലെ ഇയർഫോൺ ബഡുകൾ രണ്ടും ചെവിയിൽ തിരുകി.
ആകാശത്തിനായി അന്ധകാരവുമായി പടവെട്ടുകയാണ് വെളിച്ചം. ഹൈവേയുടെ അങ്ങേയറ്റത്തായി ഒരു ചെറിയ പച്ചപ്പ്. അവിടെ പുൽനാമ്പിനെയും മേഘത്തുമ്പിനെയും ഒരേസമയം കൈയെത്തി പിടിയ്ക്കാൻ ശ്രമിയ്ക്കുന്ന കോട. വളരെ അപൂർവമായി കണ്ട ഒരു കാഴ്ച്ച. കൂട്ടുകാരന് അത് കാണിച്ചുക്കൊണ്ട്, ഫോണിലെ ക്യാമറ തുറക്കാൻ ശ്രമിച്ചതും അത് കണ്മുൻപിൽ നിന്ന് മറഞ്ഞിരുന്നു. എന്നാൽ ആ വിസ്മയക്കാഴ്ച്ച മനസിൻറെ ഫ്രെയിമിൽ എപ്പോഴേ പതിഞ്ഞുകഴിഞ്ഞിരുന്നു.
മലമ്പുഴ ഡാം, ഊട്ടിയിൽ സ്ഥിതി ചെയ്യുന്ന ചോക്ലേറ്റ് ഫാക്ടറി, ടീ ഫാക്ടറി, ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയവയാണ് രണ്ട് ദിവസങ്ങൾകൊണ്ട് സന്ദർശിയ്ക്കാൻ തീരുമാനിച്ചിരിയ്ക്കുന്നത്. കൂടാതെ അവസാനമായി ഒരു തടാകക്കരയും. ഒരു രാത്രി തങ്ങുന്നത് ഊട്ടിയിലുമായിരിയ്ക്കും.
പതിയെ ഞാൻ തലചായ്ച്ചു കിടന്നു. യാത്രയുടെ മടുപ്പുളവാകുന്ന ചില ഭാഗങ്ങളെ ഒഴിച്ചുവിടാനായി ഞാൻ പലപ്പോഴും ആശ്രയിയ്ക്കാറുള്ള ഒരു പോംവഴിയാണിത്, ഒന്ന് ചെറുതായി മയങ്ങാം എന്ന് കരുതുക. അങ്ങനെ കരുതി. പതിയെ പതിയെ ചുറ്റുമുള്ള ശബ്ദങ്ങൾ അലട്ടാതെയായി. രാവിലെ നഷ്ടപ്പെടുത്തിയ ഉറക്കം വീണ്ടുകിട്ടിയ വിശ്രമത്തിന്റെ അറിയാ-യാമങ്ങൾ. ഉപബോധമനസിൻ്റെ സൃഷ്ടികൾക്ക് കണ്ണുകൾ കൊടുത്ത ശേഷം ഉണർവിലേക്ക് ഒരു കണ്ണു തുറക്കൽ. എവിടെയാണെന്നു മനസിലായില്ല. വഴിയരികിലൂടെ കടന്നു പോകുന്ന സൈൻ ബോർഡുകൾ തന്നെ ശരണം. എന്നാൽ ആ വഴി തുണച്ചില്ല. അടുത്തിരിയ്ക്കുന്ന കൂട്ടുകാരനോട് കുറച്ചു വൈഫൈ ടെതെറിംഗിലൂടെ കടമെടുത്ത് ഡിജിറ്റൽ മാപ്പിന്റെ സഹായത്തോടെ സഞ്ചരിയ്ക്കുന്ന വഴി കണ്ടെത്തി.
കുറച്ചുകഴിഞ്ഞപ്പോൾ കുതിരാൻ തുരങ്കമെത്താറായെന്ന് മാഷ് പറഞ്ഞുതന്നു.
അല്പസമയത്തിനുശേഷം കുതിരാൻ മല തുരന്നുപോയ കൂറ്റൻ ദ്വാരത്തെ ദൂരെ കാണാനായി. കുതിരാൻ മലയുടെ തണലിൽ ഒരു യാത്ര. പറയാൻ നല്ല രസം. ബസിന് ചുറ്റും ഇരുട്ട് മാത്രം. വഴികാട്ടാനായി ഇടയ്ക്കിടയ്ക്ക് തെളിഞ്ഞ ബൾബുകൾ മുഖം കാണിച്ചു പോകുന്നു.
കൂടാതെ കൃത്യമായ ദൂര ഇടവേളകളിൽ രണ്ട് മൂന്ന് വഴികൾ, അതും തുരങ്കത്തിനുള്ളിലെ ഇരുപാതകളെയും പരസ്പരം ബന്ധിപ്പിച്ചുകണ്ടിരുന്നു.
ഏകദേശം സമയം പത്തരയോടടുത്തു കാണും. ബസ് വഴിയരികിലെ ഒരു ഹോട്ടലിൽ നിർത്തി. എല്ലാവരും പതിയെ ഹോട്ടലിനരികിലെ ഫൂട്ട്പാത്തിലേക്കിറങ്ങി. അതിനിടയിൽ ബസിൽ കുത്തിയിരുന്ന ക്ഷീണം മാറ്റുവാൻ ആയാസത്തിനായി കുറച്ച് സമയം ചിലവഴിച്ചു. ഞങ്ങൾ വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിയ്ക്കാനായി സാമാന്യം എന്നാൽ അധികം വലുപ്പവുമില്ലാത്ത ഒരു ഹാൾ ആ ഹോട്ടലുകാർ ഏർപ്പാടാക്കിയിരുന്നു. അവിടെയിരുന്ന് വിശപ്പടക്കുന്നതിനിടയിൽ ബാക്കിയുള്ള ബസുകളും എത്തുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ വീട്ടിലേക്ക് വിളിയ്ക്കാൻ ഒരു ചിന്ത വന്നു. വിളിച്ചു. അതുകഴിഞ്ഞ് കമ്പ്യൂട്ടർ സയൻസ് ബാച്ചിലെ സുഹൃത്തായ ജോസഫുമായി സംസാരിച്ചു. ബസിൽ കയറിയാൽ എന്തായാലും സംസാരിയ്ക്കാൻ പറ്റില്ല. അതിനാൽ കുറച്ച് നേരം സംസാരിച്ചിരുന്നു. പിന്നെ അവിടെ കൂടിയ ജോസെഫിന്റെ പരിചയക്കാരോടും പരിചയം കൂടി. ശരിയ്ക്കും പുതിയൊരാളോട് സംസാരിയ്ക്കുക, പരിചയപ്പെടുക എന്നാലോചിയ്ക്കുമ്പോൾ അത് വളരെ പ്രയാസമുള്ള ഒന്നായി തോന്നും. അതിനാൽ പലരോടും ഈ യാത്രയിൽ നല്ലവണ്ണം സംസാരിയ്ക്കാൻ പറ്റിയില്ല എന്ന് പറയേണ്ടിവരും. ഉറ്റസുഹൃത്തുക്കളോട് മാത്രം മനസുതുറന്ന് സംസാരിയ്ക്കാൻ കഴിഞ്ഞു. നേരത്തെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരോട് പോലും സ്വന്തം മുഖം കാണിയ്ക്കാനൊരു മടി പോലെ. ചിലപ്പോൾ അത് അവർക്ക് അവഗണനപോലെ തോന്നിയോ എന്നുള്ള ചിന്തകൾ പിന്നീട് എന്നെ അലട്ടും. അത്തരത്തിലെന്തെങ്കിലും ദുഃഖം ഞാൻ കാരണം നിങ്ങൾക്കുണ്ടായെങ്കിൽ, മാപ്പ് ചോദിയ്ക്കുന്നു.
പ്രാതൽ വൈകിയാണെങ്കിലും, കഴിഞ്ഞു. കുട്ടികളെയും അധ്യാപകരെയും താങ്ങിക്കൊണ്ട് ബസ് പതിയെ യാത്രയിലേക്ക് തിരിച്ചു. പ്രാതൽ കഴിഞ്ഞയുടൻ പെൺകുട്ടികൾ പുറകിലും ആൺകുട്ടികൾ മുൻപിലുമായി യാത്ര തുടരണം എന്ന് പറഞ്ഞിരുന്നു. അത് ഞങ്ങൾ ഏവരും പാലിച്ചു. ഇനി മലമ്പുഴ ഡാം കണ്ടുകഴിഞ്ഞിറങ്ങുമ്പോൾ പെൺകുട്ടികൾ മുൻപിലും ആൺകുട്ടികൾ പിറകിലുമായി മാറണം എന്ന് ഓർമിപ്പിക്കാനും ഞങ്ങളുടെ ബസിലെ അധ്യാപകർ മറന്നില്ല. ശ്രീജിത്ത് സാറിന്റെ ഒപ്പം തന്നെ ഇരിപ്പിടം കിട്ടി.
“മലമ്പുഴ ഡാം എത്താറായോ സാർ?”- ഞാൻ ചോദിച്ചു.
“ഒരഞ്ചു മിനുറ്റുക്കൊണ്ടെത്തും.”- സാർ പറഞ്ഞു. സാറിന്റെ മനസറിഞ്ഞ് ഡ്രൈവർ വണ്ടിയോട്ടിയെന്നു തോന്നുന്നു. സാറിന്റെ വാക്കുപ്പോലെ അഞ്ചുമിനുറ്റ്‌കൊണ്ടെത്തി.
“എപ്പോഴും ഒരുദ്യാനം ഡാമിനോടു ചേർന്നുണ്ടാകും. നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടോ?”- ശ്രീജിത്ത് സാർ ഞങ്ങളെ ഡാമിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചോദിച്ചു.
സർ പറഞ്ഞതിൽ എനിക്കന്ന് അത്ര വിശ്വാസം വന്നില്ല. എന്നാൽ ഒട്ടുമിക്ക ഡാമുകളോട് ചേർന്ന് കൊണ്ട് ഒരുദ്യാനം ഉണ്ടാകും എന്ന് പിന്നീട് അന്വേഷിച്ചപ്പോൾ മനസിലായി. ഡാമിനോട് ചേർന്ന്കൊണ്ടുള്ള മണ്ണിൽ ജലാംശത്തിന്റെയും ലവണങ്ങളുടെയും ലഭ്യത വളരെ കൂടുതലായിരിയ്ക്കും. അവ ഫലപ്രദമായി വിനിയോഗിയ്ക്കാനായിരിയ്ക്കും ഈ ഉദ്യാനങ്ങളുടെ നിർമാണം. കൂടാതെ അവ ചുറ്റുപാടും ആകർഷണീയമാക്കി മാറ്റാനും ഉതകുന്നു.
ഡാമിനോട് ചേർന്നുകൊണ്ടുള്ള ഉദ്യാനത്തിലേക്കുള്ള ഒരു കൂറ്റൻ കവാടത്തിന് മുൻപിൽ വച്ചാണ് മാഷ് ഞങ്ങളെ പിരിഞ്ഞത്. ടൂറിന്റെ മേൽനോട്ടം വഹിയ്ക്കുന്ന ഒരധ്യാപകൻ ഞങ്ങൾ ഇവിടെ ചിലവഴിയ്ക്കേണ്ട സമയത്തെ കുറിച്ച് ഉറക്കെ ഇപ്രകാരം വിളിച്ചുപറഞ്ഞുക്കൊണ്ടിരുന്നു- “ആകെ ഒരു മണിക്കൂറേയുള്ളു.. അതിനുള്ളിൽ എല്ലാവരും ഇവിടെയെല്ലാം കണ്ട്, തിരിച്ച് ബസിട്ടിരിയ്ക്കുന്നിടത്ത് എത്തിച്ചേരണം.”
ഞങ്ങൾ ചെറുകൂട്ടങ്ങളായി തിരിഞ്ഞ് നടന്നു. ഉദ്യാനത്തിലേക്ക് ചവിട്ടുപടികൾ ഞങ്ങൾക്ക് വഴിയൊരുക്കി. ഇപ്പോഴൊരു മെയ്‌സിനുള്ളിൽ കടന്നപ്പോലെയെനിക്ക് തോന്നി. പലതരത്തിലുള്ള ചെടികളാൽ അതിർത്തി നെയ്ത വിസ്തൃതിയാർന്ന ഒരു സങ്കീർണ പാത. ദൂരെ പ്രൗഢി തോന്നിപ്പിയ്ക്കുന്ന വിധം ഡാം മതിൽക്കെട്ട്.
അപ്രതീക്ഷിതമായി ഒരു ചാറ്റൽ മഴ. ആകാശത്താണെങ്കിൽ പെയ്തൊഴിയാൻ വേണ്ടി ഒരു കാർമേഘം പോലും കാണുന്നില്ല. അപ്പോഴാണ് ഞങ്ങൾ അടുത്തായി ഒരു ഫൗണ്ടെയ്ൻ കണ്ടത്. അവിടെനിന്നാണ് ഈ ചാറ്റലിന്റെ ഉറവിടം. മഹാഭാരത കഥാപാത്രങ്ങളായ അനന്തനും ശ്രീകൃഷ്ണനും ഫൗണ്ടൈന് ഒത്ത നടുക്കായി നിൽക്കുന്നു. അനന്തൻ ജലപ്പരപ്പിനു മുകളിലായി തന്റെ തെല്ലു വിശാലമായ തല ഉയർത്തി നിൽക്കുന്നു. ആ തലയ്ക്കുമുകളിലായി ഒറ്റക്കാലിൽ നിലയുറപ്പിച്ച് പുല്ലാങ്കുഴലൂതുന്നു കൃഷ്ണനും. കാര്യം ശില്പമല്ലായിരുന്നുവെങ്കിൽ സ്വല്പം ഓടക്കുഴൽ വായന കേൾക്കാമായിരുന്നു എന്ന് കരുതി.
മുൻപിൽ കീഴടങ്ങാൻ ഒരുക്കമല്ലാത്ത മട്ടിൽ ഡാം അതിന്റെ നെഞ്ചും വിരിച്ചു നിൽപ്പാണ്. ഞങ്ങളും വിട്ടുകൊടുത്തില്ല. അത് നിൽക്കുന്ന ദിക്കും നോക്കി ഞങ്ങൾ നടന്നു.
മുകളിലൂടെ കേബിൾ കാറുകൾ റിസർവോയറിനോട് ചേർന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമായി മന്ദം മന്ദം ചലിയ്ക്കുന്നു. കൂടാതെ ഡാമിനോട് ചേർന്നുകൊണ്ട് കിടക്കുന്ന നദിഭാഗത്തായി ബോട്ടിംഗ് ഉണ്ടായിരുന്നു. ഇതിലെല്ലാം ഞങ്ങൾക്ക് കയറണമെന്നുണ്ടായിരുന്നു. പക്ഷെ കയറിയില്ല. കാരണം കൈയിൽ ആകെ
ചെലവഴിയ്ക്കാൻ ഒരുമണിക്കൂറുണ്ടായിരുന്നുള്ളൂ.
ഡാമിന്റെ മതിൽക്കെട്ടിന്റെ മുകൾത്തട്ടിൽ കയറാനുള്ള വഴിയെത്തണമെങ്കിൽ ഒരു ചെറിയ തൂക്കുപാലം കടന്നുവേണം ചെല്ലാൻ. ഞങ്ങളുടെ സംഘം പാലത്തിന്റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് സംഘത്തിലെ വരുണിനും എനിക്കും നേരെ ഒരു ആക്രമണം. ക്യാപ്റ്റൻ അമേരിക്കയുടെ ഷീൾഡിന്റെ ചിത്രമുള്ള ബാഗും തോളിൽ വഹിച്ചു കൊണ്ട് കൈവിരലുകൾ തോക്കുകളാക്കാൻ കഴിവുള്ള ഒരേയൊരാൾ ഈ ഭൂമുഖത്തുള്ളു, അത് ഞാനാണ് എന്ന ആത്മവിശ്വാസത്തോടെ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണ് ഒരാൾ. മറ്റാരുമല്ല ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിയാണ് കക്ഷി. അവനെക്കാളും പൊക്കമുള്ള ഞങ്ങളെ, സിനിമയിൽ മാത്രം കണ്ടുപരിചിതമായ ഏതോ ഭീകരന്മാരെ പോലെ കരുതി വെടിയുതിർക്കുകയാണീ കുസൃതിക്കാരൻ. ഞങ്ങളും വിട്ടുകൊടുത്തില്ല. വെടിയുണ്ടകളിൽ നിന്ന് ഒഴിഞ്ഞു മാറിയ പോലെ ഭാവിച്ച് കൈയിലെ ഗ്രനൈഡും എ.കെ ഫോർട്ടിസെവെനുമായി സാങ്കല്പിക ലോകത്തിൽ ഞങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. സ്വന്തം സ്കൂളിന്റെ വരിയിൽ നിൽക്കുന്ന ആ കുഞ്ഞുബുദ്ധിമാൻ ആൾബലം കൂട്ടാനായി വരിയിൽ അടുത്തടുത്തായി നിൽക്കുന്ന കൂട്ടുകാരെയും കൂട്ടി വരിയിൽ നിന്നും ആക്രമിച്ചു. സമയമില്ലാത്തതിനാൽ ഞങ്ങൾ തോൽവി സമ്മതിച്ച് ആ തൂക്കുപാലത്തിലേക്ക് നടന്നു.
ഡാമിന്റെ നാലു ഷട്ടറുകൾക്കും അഭിമുഖമായാണ് ഈ തൂക്കുപാലം. കൈയിൽ കരുതിയിരുന്ന മൊബൈൽഫോൺ ബാഗിലായിരുന്നു. ബാഗാണെങ്കിൽ ബസിൽ നിന്നും എടുക്കാനും വിട്ടുപ്പോയി. അതിനാൽ ഫോട്ടോയെടുക്കുന്ന സുഹൃത്തിനോട് അത് പങ്കുവയ്ക്കണമെന്ന് പറഞ്ഞുറപ്പിച്ച് ഞാൻ തൂക്കുപാലം കയറി.
കഷ്ടിച്ച് രണ്ടുപേർക്ക് കയറാവുന്ന ഒരു പാലം. പതിയെ നടന്നില്ലെങ്കിൽ ആടിയുലഞ്ഞ് പൊട്ടുമെന്ന തോന്നൽ എന്നിൽ ഉണ്ടാക്കി. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. തൂക്കുപാലത്തിന്റെ അങ്ങേക്കരയിൽ ദൂരെയായി മലമ്പുഴ യക്ഷിയെ കണ്ടു. ശ്രീ. കാനായി കുഞ്ഞിരാമനാണ് ഈ ശിൽപ്പത്തിന്റെ പിതാവ്. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഈ ശിൽപം ഡാമിന്റെ മറ്റൊരു ആകർഷണമാണ്. 1969- ലാണ് ഈ നിർമിതി ജന്മം കൊണ്ടത്. 1967 ലാണ് നിർമാണം ആരംഭിച്ചത്. എന്നാൽ യക്ഷിയെ കല്ലിൽ ജനിപ്പിയ്ക്കാൻ ശില്പിയ്ക്ക് രണ്ടു കൊല്ലം വേണ്ടിവന്നു. 2019-ൽ യക്ഷീശില്പത്തിന് അൻപത് തികഞ്ഞിരുന്നു. മുപ്പതടി ഉയരത്തിൽ നിർമിയ്ക്കപ്പെട്ട ഈ ശില്പത്തിന്റെ നഗ്നതയുടെ പേരിൽ മാത്രം കാനായി കുഞ്ഞിരാമന് നേരെ ആക്രമണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. എന്നാൽ അതെല്ലാം അതിജീവിച്ച് കൊണ്ട് ആ ശില്പത്തിന് പൂർണത വരുത്താൻ അദ്ദേഹത്തിന് സാധിച്ചു. ഒരു ശില്പത്തിനെ ഒരു കലയായി മാത്രം കാണാൻ സമൂഹത്തിലെ പലർക്കും സാധിയ്ക്കുന്നില്ല എന്ന നഗ്നമായ സത്യം ഉണർത്തിച്ചുക്കൊണ്ട് ആ യക്ഷി ഇപ്പോഴും ഒരു സ്മാരകം പോലെ തലയുയർത്തി നദിതടത്തിൽ സ്ഥിതിചെയ്യുന്നു.
തൂക്കുപാലം താണ്ടി. ഇനി വലിയൊരു കയറ്റമാണ്. കയറ്റത്തിലേക്ക് ഉടൽ ചൂണ്ടുന്ന ഒരു പാതയും. ആ പാതയെ പിന്തുടർന്ന് ഞങ്ങൾ റിസെർവോയറിനടുത്തെത്തി. മുകളിലേക്ക് കയറാനായി കുത്തനെയുള്ള ഏണിപ്പടികളും. അതിന് താഴെ നിന്ന് കുറച്ച് കാറ്റ് കൊണ്ടു. അനന്തമായ കാറ്റ്. പടിയ്ക്ക് താഴെ നിന്ന് മുകളിലേക്ക് നോക്കി. തലയ്ക്ക് മീതെ എല്ലാം കറങ്ങുന്നു. ഉയരത്തെ കാണുമ്പോൾ ഇനി വരാൻ പോകുന്ന താഴ്ചയെ ഭയക്കുന്നു. ഞാൻ ധൈര്യത്തോടെ കയറി.
മുകളിൽ കെട്ടിനിർത്തിയ ജലത്തിന്റെ ഉപരിതലം. അത് കാറ്റത്ത് ഓളം വെട്ടുന്നു. ആ കെട്ടിനിർത്തിയ ഊർജ്ജത്തിലായിരിയ്ക്കാം വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കുന്നത്. ദൂരെ വെള്ളത്തിനും കരയ്ക്കും അതിർത്തി നിശ്ചയിയ്ക്കുന്ന മലനിരകൾ. അവ നാണം കൊണ്ടായിരിയ്ക്കാം നീളത്തിലുള്ള മേഘതൂവാലയെ പങ്കിട്ടുകൊണ്ട് മുഖം മറയ്ക്കുന്നു.
കയറി വന്ന വശവുമായി മതിലിനോട് ചേർന്നങ്ങുപ്പോയാൽ അത്ഭുതമെന്ന് തോന്നിപ്പിയ്ക്കുന്ന രീതിയിൽ കേരളത്തിന്റെ ഉദ്യാനത്തെയും നമുക്ക് കാണാനാകും.
ഇന്നീ കാണുന്ന മലമ്പുഴ ഒരുകാലത്ത് തമിഴ്‌നാടിന്റെ ഭാഗമായിരുന്നു. മലമ്പുഴ മാത്രമല്ല പാലക്കാട് മുഴുവനും തന്നെ അവരുടെ ഭാഗമായിരുന്നു. അന്ന്, തമിഴ്‌നാട് സർക്കാരാണ് 1914 ൽ ഈ ഡാമിന്റെ നിർമാണ പദ്ധതിയുടെ ചിന്ത കൊണ്ടുവന്നത്. 1949 ൽ തറക്കലിട്ട ഈ ഡാം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വെള്ളം കെട്ടിനിർത്താൻ പാകമുള്ള ഒന്നായി മാറി. പിന്നീട് 1957 ജനുവരി ഒന്നിന് കേരളത്തിന്റെ ഭാഗമായി പാലക്കാട് മാറിയപ്പോൾ സ്വാഭാവികമായി മലമ്പുഴയും ഈ ഡാമും നമുക്ക് സ്വന്തമായി. ആദ്യം ഈ ജില്ല പാലക്കാട്ടുശേരി എന്നാണ് അറിയപ്പെട്ടതെങ്കിലും, പാലമരങ്ങൾ ഇടതിങ്ങിവളരുന്ന പ്രദേശമാണിതെന്ന് മനസിലാക്കുകയും, അതിന്റെ ഭാഗമായി “പാലമരങ്ങളുടെ കാട് ” എന്നയർത്ഥത്തിൽ “പാലക്കാട് ” എന്നു പേരുവരുകയും ചെയ്തു.
സമയവും റിസെർവോയറിലെ ചെറുതിരകളും ഞങ്ങൾക്ക് വേണ്ടി കാത്തുനിന്നില്ല. പിന്നെ ഞങ്ങളും കാത്തുനിന്നില്ല. അനുവദിയ്ക്കപ്പെട്ട സമയം മണൽത്തരി കണക്കെ കൈയിൽ നിന്ന് ഊർന്നുപോകുകയാണ് എന്ന സത്യം മനസിലാക്കി നടത്തത്തിന്റെ വേഗം കൂട്ടി. മതിൽക്കെട്ടിൽ നിന്ന് ഇറങ്ങാനുള്ള പടികളെത്തി. അതിനോട് ചേർന്നുതന്നെ വാനനിരീക്ഷണത്തിനായുള്ള ഒരു ടെലെസ്കോപ്പും ഞങ്ങൾ കണ്ടു. പലതും വിശദമായി കണ്ടുതീർന്നില്ല എന്ന വിഷമം മനസ്സിൽ വച്ച് കൊണ്ട് ഞാൻ സംഘത്തിനോടൊപ്പം ബസിട്ടിരിയ്ക്കുന്ന ഇടത്തെത്തി. വഴിമദ്ധ്യേ ഉദ്യാനത്തോട് ചേർന്ന്കിടക്കുന്ന ചിൽഡ്രൻസ് പാർക്കും താണ്ടിയാണ് ബസിനടുത്തെത്തിയത്. മരങ്ങൾ തണൽ വിരിച്ച മൈതാനത്തു നിന്ന് കച്ചവടക്കാർ കൂളിങ്ഗ്ലാസുകളും മറ്റും വിൽക്കുന്ന തിരക്കിലാണ്. ഞങ്ങളുടെ സ്കൂളിലെ ചില കുട്ടികൾ കച്ചവട ബുദ്ധിയ്ക്കു മുൻപിൽ അടിമപ്പെടാതെ വിലപേശി വാങ്ങാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ പതിയെ ബസിൽ കയറിയിരുന്നു. കടന്നുവന്ന ചില പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറുതായി കുറിച്ചുവയ്ക്കാനായി ശ്രമിച്ചു.
പന്ത്രണ്ടുമണിയോടെ മലമ്പുഴ ഡാമിൽ നിന്നും ഞങ്ങൾ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനായി പുറപ്പെട്ടു. പ്രാതൽ കഴിച്ച അതേ ഹോട്ടലിലാണ് ഉച്ചഭക്ഷണവുമൊരുക്കിയത്. പ്രാതൽ കഴിച്ചത് ദഹിച്ചിട്ടില്ലാത്തതിനാൽ കുറച്ച് മാത്രം കഴിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം ഊട്ടിയിലേക്ക് നേരെയങ്ങു പോകും. ഊട്ടിയിൽ വൈകുന്നേരമെത്തണമെന്നായിരുന്നു കണക്കുകൂട്ടൽ.
മയക്കത്തിലേക്ക് ഞാൻ വഴുതിവീണു. കണ്ണുതുറന്നപ്പോൾ സമയം മൂന്നുമണിയോടടുത്തിരുന്നു. ചുറ്റും പൊടിപടലങ്ങൾ. പൊടിപടലങ്ങൾ നിറഞ്ഞ ഒരു നഗരഭാഗത്തിലാണ് ഞങ്ങളെന്ന് മനസിലായി. മതിൽക്കെട്ടുകളിൽ മലയാളത്തിന് പകരം തമിഴ് ലിപിയിലാണ് എഴുത്തുകൾ തെളിഞ്ഞത്. അപ്പോഴാണ് തമിഴ്‌നാട്ടിലെത്തി എന്ന് തിരിഞ്ഞത്. റോഡിന്റെ നടുവിലൂടെ മെട്രോയുടെയോ മറ്റോ പാത പണിയുന്ന തിരക്കിലാണ് പണിക്കാർ. അതുകൊണ്ട് തന്നെ മണൽത്തരികൾ വായുവിൽ പടരുന്നു. കേരളത്തിൽ നിന്ന് പുറത്തെത്തി എന്ന കാര്യം അവിടത്തെ കെട്ടിടങ്ങൾ പോലും വിളിച്ചോതുന്നുണ്ടായിരുന്നു. പഴമയുടെ അടയാളങ്ങൾ ഉടലിൽ സൂക്ഷിയ്ക്കുന്ന ആ കോൺക്രീറ്റ് നിർമിതികളെ ഞാൻ എന്റെ കാമറ കണ്ണുകളിലാക്കി.
ഒരു ഇടുങ്ങിയ തെരുവിലൂടെയാണ് ബസ് സഞ്ചരിയ്ക്കുന്നത്. തെരുവിനോട് ചേർന്നുകൊണ്ട് ഇരുവശത്തുമായി വിവിധ കടകളും നിലകൊള്ളുന്നു. തിരക്കേറിയ ഒരു സായാന്ധനത്തിനു വേണ്ടി ഒരുങ്ങുകയാണ് കച്ചവട മനസുകൾ.
തെരുവുകളിൽ നിന്നും തിരിവുകളിലേക്ക്. തിരിവുകളിൽ നിന്നും അടുത്ത തെരുവുകളിലേക്ക് സഞ്ചരിയ്ക്കുകയാണ് ബസ്. കുറച്ച് നേരത്തിനു ശേഷം ഒരു കോളനിയിലേക്ക് കടന്നു. ഓട്മേഞ്ഞ വീടുകളാണ് ഭൂരിഭാഗവും അവിടെ. ചിലയിടങ്ങളിൽ ചെറിയ കുടിലുകളും കണ്ടു. കുളിമുറികളെന്ന് തോന്നിപ്പിയ്ക്കുന്ന വലുപ്പത്തിലായി ചെറു കെട്ടിടങ്ങൾ ഓരോ വീടുകളോടും ചേർന്നുണ്ടായിരുന്നു. കോളനിനിരത്തുകളും ചുറ്റുപാടുകളെല്ലാം തന്നെ വൃത്തിയോടെ നിലനിർത്തിയിരിയ്ക്കുന്നു. വീടിന്റെ വാതിലുകളിൽ മന്ത്രിമാരുടെ മുഖചിത്രങ്ങൾ ഒരലങ്കാരം പോലെ ഒട്ടിച്ചിരിയ്ക്കുന്നു. ചിലപ്പോൾ ഈ കോളനി, സർക്കാർ വകയായിരിയ്ക്കാം. ആരാധന വളരെയധികം കൂടുതലായ ജനവിഭാഗമാണ് ഇവിടെയെന്ന് പലപ്പോഴും തോന്നിയിട്ടുള്ളതിനാൽ ഈ കോളനി ആരുടെ ചിന്തയാണെന്നു ഉറപ്പിയ്ക്കാനും സാധിയ്ക്കില്ല.
കുറേനേരമായി കോളനിപരിസരത്ത് ബസ് ചുറ്റിത്തിരിയുന്ന പോലെ ഒരു തോന്നൽ. എങ്ങോട്ട് തിരിഞ്ഞാലും കോളനിയ്ക്ക് പുറത്തെത്തുന്നില്ല. വല്ലാതെ ചുറ്റിത്തിരിയുന്ന ആ ബസിനെ കോളനിനിവാസികളും ഒന്ന് ശ്രദ്ധിച്ചു തുടങ്ങി. ബസിന്റെ അപരിചിതമായ പെരുമാറ്റം, അതിൽ സഞ്ചരിയ്ക്കുന്ന ഞങ്ങളിൽ ആശങ്കകളുയർത്തി. വഴികളുടെ ഘടന ബസിനെ കബളിപ്പിച്ചുക്കൊണ്ടിരുന്നു. വഴികണ്ടെത്താനാകാതെ ബസ് തന്റെ ദൗത്യം മാറ്റിവച്ച് വഴിയരികിലേക്ക് ഒതുങ്ങിനിന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ള ബസുകളെ ഫോണിൽ ബന്ധപ്പെടുവാനായി രാവിലെ കണ്ട ആ ചെറുപ്പക്കാരൻ ബസിൽ നിന്നിറങ്ങി.
നേരം വൈകുന്നേരത്തോടടുക്കുന്നു. ഊട്ടിയാണെങ്കിൽ എത്തിയിട്ടുമില്ല.
വഴി തെറ്റിയിരിയ്ക്കുന്നു..!!
( തുടരും )








Comments
Post a Comment