3 ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി. നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...