ഇക്കൊല്ലത്തെ ഓണം അങ്ങിനെ സോപ്പിട്ട്, മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട് വന്നു. ഓണമായിട്ട് എനിക്ക് ഒന്നും എഴുതി ബ്ലോഗിലിടാൻ സാധിച്ചില്ല, എന്ന വിഷമം അലട്ടിയിരുന്നു. പക്ഷേ ആ വിഷമം ഇപ്പോൾ മാറിയിരിക്കുന്നു, 'ഓണ'ത്തിലൂടെ.
ഓണമാകുന്നതിനു രണ്ടാഴ്ച്ച മുൻപേ, ഞാൻ ആലോചന തുടങ്ങി. "ബ്ലോഗിലെന്താണ് എഴുതുക..?" ഒന്നാം ഓണം മുതൽ നാലാം ഓണം വരെയുള്ള ദിവസങ്ങളെ ഒന്ന് വിവരിച്ചു ഒരു ഡയറികുറിപ്പ് പോലെ എഴുതി തയ്യാറാക്കിയാലോ, എന്ന് ആദ്യം ചിന്തിച്ചു.
അങ്ങനെ ഓണപുലരിയെത്തി. മാവേലിമാർ ഫോണിലെത്തി. ഓണസദ്യയും പായസവും 'forward message' ആയെത്തി. എന്തിനേറെ പറയുന്നു, ശോഷിച്ച ആകാരത്തിലായാലും പൂക്കളം മുറ്റത്തൊരുക്കി നിർത്തി. എന്നാൽ ഡയറിയിൽ കുറിക്കാൻ, എനിക്ക്, പ്രത്യേകിച്ച് ഒരു അനുഭവവും ഓണാനാളിലുണ്ടായില്ല. അങ്ങനെ ഡയറിയെഴുത്ത് മുടങ്ങികിടന്നു.
കൊറോണക്കാലമായിട്ട് പോലും ഓണാഘോഷത്തിൽ നിന്ന് പിന്മാറാൻ ഒരു മലയാളി മനസ്സും ആഗ്രഹിക്കില്ല. പൂക്കളത്തിൽ ഒരു വർണം കുറഞ്ഞാലും ശരി, മലയാളി പൂക്കളമൊരുക്കും. ഓണസദ്യയിൽ വിഭവം രണ്ടെണ്ണം കുറഞ്ഞാലും ശരി, മലയാളി സദ്യയുണ്ണും. മലയാളി എന്നതിലുപരി, ഇന്ന് കേരളജനത എന്നുതന്നെ പറയണം. കാരണം, ഇന്നത്തെ കേരളത്തിൽ അന്യസംസ്ഥാനക്കാരും ഉൾപ്പെടും. അവരും ചിലപ്പോൾ ഓണം ആഘോഷിക്കും(എന്നാണെന്റെ വിശ്വാസം). അതിനാൽ മലയാളി എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം, കേരളത്തിലെ ജനങ്ങൾ എന്നു പറയാനാണ്.
×××××××××××××××××××××××
കഴിഞ്ഞുപോയ ഓണങ്ങൾ എനിക്ക് സമ്മാനിച്ച മധുരസ്മരണകളാണ് ഞാൻ പങ്കുവെയ്ക്കാനാഗ്രഹിക്കുന്നത്.
ഓണമായാൽ, പുലർച്ചെത്തന്നെ എഴുന്നേറ്റ് അച്ഛമ്മ പൂക്കളമൊരുക്കാനുള്ള വർണപൂക്കൾ ശരിയാക്കുന്ന ജോലിയിലേർപ്പെടും. രാവിലെ ഞാനും ചേട്ടനും മുറ്റത്തെത്തും. രാവിലെ കിട്ടുന്ന ഇളംചൂടുള്ള കട്ടൻചായയുടെ ഉണർവിലാണ് പൂക്കളമൊരുക്കാൻ ഞങ്ങൾ തയ്യാറാവുക.
ചേട്ടന്റെ തലയിലുദിക്കുന്ന ഓരോ ഡിസൈനുകളും, ചേട്ടൻ ഓരോ ദിവസത്തെ പൂക്കളത്തിലും പരീക്ഷിച്ചു നോക്കും. ചേട്ടന്റെ കലാവിരുത് കണ്ടുകൊണ്ടിരിക്കലും അതിന്റെ 'credit' മുഴുവൻ വാങ്ങലുമാണ് എന്റെ പ്രധാന ജോലി. ആദ്യമൊക്കെ മുറ്റത്ത് പൂക്കളത്തിന്റെ ഡിസൈൻ വരയ്ക്കാൻ കയ്യിൽ ഒരു ചോക്കോ, സ്ലേറ്റ്പെൻസിലോ ഇല്ലായിരുന്നു. ഇതിനൊരു പരിഹാരവുമായാണ് ഒരു ദിവസം സ്കൂൾ വിട്ട് ചേട്ടനെത്തിയത്. ഓണത്തിന് സ്കൂൾപൂട്ടുന്നതിന്റെ തലേദിവസമോ മറ്റോ ആയിരുന്നു അന്ന്. വീട്ടിലെത്തിയപ്പാടെ ബാഗിൽനിന്ന് ചെറിയ ചോക്കിന്റെ കഷ്ണം പുറത്തെടുത്ത്, ചേട്ടൻ ഷെൽഫിലുള്ള ഒരു ഗ്ലാസ്സിൽ അതിനെ നിക്ഷേപിച്ചു. ആ ചോക്ക് തീരുന്നതുവരെ ഞങ്ങൾക്ക് അത് വളരെ ഉപയോഗപ്രദമായിരുന്നു. ചേട്ടനാണ് എപ്പോഴും ആ ചോക്ക് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുത്തന്നെ എനിക്ക് അതൊന്ന് ഉപയോഗിക്കാൻ ഒരു കൊതി തോന്നാതിരുന്നില്ല. ചോക്കുകൊണ്ട് സ്വന്തം സ്ലേറ്റിൽ ചിത്രം വരച്ചും എഴുതിയും ഞാൻ നിർവൃതിയടഞ്ഞു. ടീച്ചർമാർ മാത്രം ഉപയോഗിച്ച് കണ്ടിരുന്ന ചോക്കിന് ഞാൻ അക്കാലത്ത് മനസിൽ ഉന്നതസ്ഥാനമായിരുന്നു നൽകിയത്. അതുതന്നെയായിരുന്നു, ഒന്ന് ചോക്കുപയോഗിച്ച് എഴുതാനും വരയ്ക്കാനും എനിക്കിത്ര ആഗ്രഹം വളരാനുള്ള പ്രധാന കാരണം.
പത്തിലെ പഠനം കഴിഞ്ഞ് ഉയർന്ന ക്ലാസുകളിലേക്ക് എത്തിയപ്പോഴേക്കും ഓണത്തിന് പൂക്കളമിടാനും ക്രിസ്തുമസിന് നക്ഷത്രം തൂക്കാനുമൊക്കെ പിന്നീട് ചേട്ടനെ ലഭിക്കാതായി. ചേട്ടന് കൂടുതൽ പഠിക്കാനുള്ളതുകൊണ്ടായിരിക്കണം ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്ന് ഞാൻ കരുതി.
സ്കൂളിലെ ഓണാഘോഷമാണ് പിന്നീടെനിക്ക് പ്രിയം. എൽ.പിയിൽ പഠിക്കുന്ന സമയത്ത് ഒരു നീണ്ടഹാളിലാണ് പൂക്കളമിടുക. ഗ്രൂപ്പുകൾ തിരിഞ്ഞാണ് പൂക്കളമത്സരം. ഓരോ ഗ്രൂപ്പിനും ഓരോ പൂക്കളം. രണ്ട് ടീച്ചർമാർ വന്ന് പൂക്കളങ്ങളെ വരയ്ക്കും. കുട്ടികൾക്ക് ഡിസൈനുകൾ വരയ്ക്കാൻ കഴിയില്ല എന്ന പരിമിതി നികത്താനാണ് ടീച്ചർ പൂക്കളം വരച്ചു തരുന്നത്. ടീച്ചർമാർ പൂക്കളത്തിന്റെ ഡിസൈനുകൾ വരയ്ക്കുമ്പോൾ ഗ്രൂപ്പംഗങ്ങൾ തമ്മിൽ ചർച്ചയിലായിരിക്കും. ഓരോ കളത്തിൽ നിറയ്ക്കേണ്ട നിറവും, എങ്ങനെ മറ്റുള്ള ഗ്രൂപ്പുകളിൽ നിന്ന് തങ്ങളുടെ പൂക്കളത്തെ വ്യത്യസ്തമാക്കാം, എന്നിങ്ങനെ നീളുന്നു ചർച്ചാവിഷയങ്ങൾ. ആ സമയത്ത് ഗ്രൂപ്പുകളെ വലയ്ക്കുന്ന പ്രശ്നങ്ങൾ കുറച്ചുണ്ട്. ഒന്നാമത്തെ പ്രശ്നം, പൂക്കളങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു മറയുമില്ല. രണ്ടാമത്തെ പ്രശ്നം, മറ്റു ഗ്രൂപ്പുകളിൽ നിന്ന് വരുന്ന 'ചാരന്മാർ'. ഈ ചാരന്മാരെ കണ്ടുപിടിച്ച് തിരികെ, അവരെ അയച്ച ഗ്രൂപ്പുകളിൽ തന്നെയെത്തിക്കുക എന്ന ദൗത്യം നടത്താൻ ആളുകളെ നിയമിക്കണം, എന്നതാണ്, മറ്റൊരു തലവേദന. മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമായി ആളുകളെ നിയമിച്ച്, നിയമിച്ച് അവസാനം പൂക്കളമിടാൻ ആളില്ലാതെ വലയുക എന്ന പ്രശ്നത്തിലേക്ക്, എത്തിനിൽക്കുന്ന അവസ്ഥ അനുഭവിക്കുന്ന ഗ്രൂപ്പുകളുണ്ടാകും. എന്നാലും അപൂർവമായേ അത്തരം സംഭവങ്ങൾ ഞാൻ കണ്ടിട്ടുള്ളു.
U.P - യിലെത്തിയതിൽ പിന്നെ 'ഡിസൈനുകൾ തീരുമാനിക്കേണ്ട സ്വാതന്ത്ര്യം ഗ്രൂപ്പുകൾക്ക് കിട്ടി'യെന്നത്
എനിക്ക് സന്തോഷം പകർന്നു.
അക്കാലത്തെ സമ്മാനദാനചടങ്ങാണ് എന്നെ ആകർഷിച്ച മറ്റൊരു ഘടകം. തമ്മിൽ അന്യോന്യം മത്സരിക്കാൻ ആകെ മൂന്നു ടീമുകളുണ്ടാകും. അവർക്കായി മൂന്നു സമ്മാനങ്ങളും. സമ്മാനദാനചടങ്ങ് നടത്തുന്നത് സ്കൂൾ അങ്കണത്തിൽവച്ചാണ്. കൊടിമരത്തിന് ചുവട്ടിലോ, വെയിലുള്ളപ്പോൾ സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിലോ അധ്യാപകർ നിൽക്കും. ഞങ്ങൾ അങ്കണത്തിൽ നിരനിരയായോ, മുറ്റത്തെ കൽബെഞ്ചിലോ ആണ് സാധാരണയായി നിൽക്കുന്നത്. ആദ്യം മൂന്നാം സ്ഥാനം പ്രഖ്യാപിക്കും. പിന്നെ രണ്ടാം സ്ഥാനവും ഒന്നാംസ്ഥാനവും പ്രഖ്യാപിക്കും(ഈ കാര്യം എല്ലാവർക്കും അറിയാം... എന്നിരുന്നാലും, അത് ഔപചാരികമായി പറയണമല്ലോ...)
മൂന്നാം സ്ഥാനം പ്രഖ്യാപിച്ചാൽ, ആ സ്ഥാനത്തിന് അർഹരായ ടീമൊഴികെ മറ്റു രണ്ടു ടീമുകൾക്കും മനസിൽ ഒരൽപ്പം ആശ്വാസമാകും. രണ്ടാം സ്ഥാനം പ്രഖ്യാപിച്ചാൽ ഒരു രസകരമായ സംഭവമുണ്ടാകും. അതെന്തെന്നാൽ, അന്നേരം രണ്ട് ആർപ്പുവിളികളുണ്ടാകും. ഒന്നാമത്തെ ആർപ്പുവിളി രണ്ടാം സ്ഥാനക്കാരുടെയും, രണ്ടാമത്തേത് ഒന്നാം സ്ഥാനം ഉറപ്പിച്ച ടീമിന്റെയുമാണ്. ഇവിടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ടീം ആർപ്പുവിളിക്കുന്നതിൽ ഒരു തെറ്റുമില്ല.. കാരണം, അവസാനം അവശേഷിക്കുന്ന ടീം അവരുടേതായിരിക്കും!
ഒന്നാം സമ്മാനം ലഭിക്കുക എന്ന സ്വപ്നം എല്ലാ ടീമംഗങ്ങളെപ്പോലെ തന്നെ എനിക്കും സർവസാധാരണയായി ഉണ്ടായിരുന്നു. എന്റെ ടീമിന് അതുവരെ ഒന്നാം സമ്മാനം ലഭിച്ചിരുന്നില്ല. അതിനാൽ എന്റെ ആ സ്വപ്നം ഒരു സ്വപ്നമായി തന്നെ നിലനിന്നു.
എന്നാൽ ആ സ്വപ്നം യാഥാർഥ്യമായി. എന്റെ ടീം ഒന്നാം സമ്മാനം നേടി. ആ ടീമിന് പൂക്കളത്തിനുള്ള ഡിസൈൻ ഒരുക്കിയത് ഞാനായിരുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ ഉൾപ്പെട്ട ടീമിന്റെ അംഗങ്ങളുടെ ഒത്തൊരുമയും പ്രവർത്തനവും കൊണ്ടു മാത്രമാണ് ആ നേട്ടം നേടാൻ സഹായകമായത്.
ഓണം എനിക്ക് സന്തോഷങ്ങൾ തന്നു.
ഇക്കൊല്ലത്തെ ഓണം ഒരു വേറിട്ട അനുഭവമായിരുന്നു, എന്നതിൽ ഒരു സംശയവുമില്ല.
എന്നാൽ ലോകമൊട്ടാകെ ഒരു പ്രശ്നത്തിന്റെ മുൾമുനയിൽ നിൽക്കുന്നതിനാൽ, ഞാൻ പറയാൻ ആഗ്രഹിക്കുന്നതിത്രമാത്രം -
"ഇക്കാലവും കടന്നുപോകും.."
INNOSTAAA-യുടെ പ്രിയപ്പെട്ട വായനക്കാർക്ക് , ഒരു ചെറിയ അറിയിപ്പ്-
ReplyDeleteINNOSTAAA കുറച്ചു നാളേക്ക്, പ്രവർത്തനം നിർത്തിവയ്ക്കുകയാണ്..
അടുത്ത കൊല്ലം പ്രവർത്തനം പുനരാരംഭിക്കാനാണ് തീരുമാനം.
ഇതുവരെ തന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി....
തുടർന്നും അവ ലഭിക്കാൻ ആഗ്രഹിക്കുന്നു...