(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...
"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക് ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."
നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)
6) ട്രാംപോളിൻ കൂടാരത്തിലെ തമാശ
ഞങ്ങൾ നടപ്പു തുടങ്ങി. സമയം ഏകദേശം 11 മണി കഴിഞ്ഞുകാണും.
പാർക്കിന്റെ വീഥികൾ കുറച്ച് സങ്കീർണമാണ്. ഗൈഡ് നേരത്തെ പാർക്ക് ചുറ്റിനടന്നു കാണിച്ചതിന്റെ ഫലമായി ലഭിച്ച ചെറുപരിചയത്തിന്റെ ബലത്തിൽ കൂട്ടം തെറ്റാതെ ഞാൻ നടന്നു.
ആദ്യം ഞങ്ങൾക്ക് സൈക്കിൾ സവാരി നടത്തണം. അതിനായി സൈക്കിൾ വിതരണം ചെയ്യുന്ന ഭാഗത്ത് എത്തണം. ഞങ്ങൾ ഏകദേശധാരണ രൂപീകരിച്ചതിന്റെ പിന്താങ്ങിൽ നടന്നു.
"എടാ ഈ വളവ് തിരിയേണ്ടേ..?"
"ടാ...ഇങ്ങോട്ട് അല്ലേ പോകേണ്ടത്...?"
"ആ വഴി പോയി മുട്ടുന്നത് നമ്മൾ ഉദ്ദേശിച്ച സ്ഥലത്തേക്കായിരിക്കാം... അല്ലേടാ...?"
പലർക്കും വഴിയെക്കുറിച്ച് പലതരത്തിലുള്ള നിഗമനങ്ങളും നിർദ്ദേശങ്ങളുമാണുള്ളത്. ഭൂരിപക്ഷം അനുകൂലിക്കുന്ന വഴികളിലൂടെ യാത്രാസംഘം ചലിച്ചു.
മണി പന്ത്രണ്ടര ആകുമ്പോഴേക്കും ടീച്ചർമാർ പറഞ്ഞ റസ്റ്റോറന്റിൽ എത്തണം. അവിടെ ടീച്ചർമാർ കാത്തു നിൽക്കുന്നുണ്ടാകും. പന്ത്രണ്ടരയാകും മുമ്പേ ഒരു സൈക്കിൾ സവാരിയെങ്കിലും നടത്തണമെന്ന്, എല്ലാവർക്കും ആഗ്രഹം ഉണ്ട്.
പാതകൾ പലപല വിനോദപ്രവൃത്തികളിൽ മുഴുകിയിരിക്കുന്നു. ചില പാതകൾ സഞ്ചാരികളുടെ ശ്രദ്ധ പറ്റാതെ വിജനമായിരുന്നു. ഞങ്ങൾ നടക്കുമ്പോൾ അഞ്ചാറ് സൈക്കിളുകളും ഗോകാർട്ടിങ് വാഹനങ്ങളും കടന്നു പോയിരുന്നു.
കുറച്ചു സമയത്തിനുള്ളിൽ കണ്ണെത്തുന്ന ദൂരത്ത് ലക്ഷ്യംകണ്ടു. ഒരു ചെറിയ കോൺക്രീറ്റ് കൂടാരവും അതിനു പിറകിൽ സൈക്കിളുകളുടെ ഷെഡും.
100 രൂപ കൊടുത്ത് സൈക്കിളെടുക്കാം. പക്ഷെ അരമണിക്കൂറിനുള്ളിൽ തിരികെ ഷെഡ്ഡിൽ എത്തിക്കണം. എന്നാൽ കൊടുത്ത 100 രൂപ തിരികെ കിട്ടും. വളരെ ഉപയോഗപ്രദമായ കാര്യം (സഞ്ചാരികൾക്ക്)! ഈ പാർക്കിൽ ഒരു ചെലവുമില്ലാതെ എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ നമുക്ക് മിക്ക ആക്ടിവിറ്റി കളിലും ഏർപ്പെടാം, എന്നതാണ് ഗുണം.
എല്ലാവരും നൂറു രൂപ കൊടുത്ത് സൈക്കിൾ എടുത്തു. ഞാനും ഒരെണ്ണം തിരഞ്ഞെടുത്തു. പിന്നെ അരമണിക്കൂറോളം സഞ്ചാരം അതിനു പുറത്തേറിയായിരുന്നു.
അവർ പറഞ്ഞ സമയത്തേക്കാൾ 5 മിനിറ്റ് മുമ്പേ ഞങ്ങൾ സൈക്കിൾ, ഷെഡ്ഡിൽ തിരികെയെത്തിച്ചു. സൈക്കിൾ സവാരിക്കെടുക്കാൻ കൊടുത്ത 100 രൂപ തിരികെ ലഭിച്ചു.
ടീച്ചർമാർ തീരുമാനിച്ചുറപ്പിച്ച റെസ്റ്റോറന്റിന്റെ മുമ്പിൽ തന്നെ ഞങ്ങൾ എത്തി. ടീച്ചർമാർ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.
റസ്റ്റോറൻറ് എത്തണമെങ്കിൽ കുറച്ച് പടി കയറണം. പക്ഷേ അവിടെ ഉണ്ടായിരുന്ന മറ്റൊരു ഉപകരണം ഞങ്ങളെ ആകർഷിച്ചു. അതൊരു പഴഞ്ചൻ ലിഫ്റ്റ് ആയിരുന്നു. പണ്ടുകാലത്തെ ഒരു ലിഫ്റ്റ്. ഒരു ഇരുമ്പിൻ ചട്ടക്കൂട്.
കണ്ടപാടെ ഒരു കൂട്ടുകാരി ചാടിക്കയറി ലിഫ്റ്റിന്റെ വാതിലടച്ചു. അവളെ മാത്രം താങ്ങി, ഭീമൻ ചട്ടക്കൂട് റസ്റ്റോറൻറ് നിൽക്കുന്ന നിലയിലേക്ക് ഉയർന്നു. വളരെ സാവധാനം, മന്ദം, മന്ദം ആ പഴയ മോഡൽ ലിഫ്റ്റ് ചലിച്ചു. ഇടയ്ക്കിടയ്ക്ക് അത് കരയുന്നുമുണ്ട്.
താഴെ നിന്ന ഞങ്ങൾ പടികൾ ഓടിക്കയറി. എന്തായാലും അവൾക്കു മുൻപേ ഞങ്ങൾ റസ്റ്റോറന്റിൽ എത്തി.
ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയ ഭോജനശാലയിൽ ഭക്ഷണം വിളമ്പിയത് നല്ല രസകരമാണ്. സദ്യ വിളമ്പുന്ന ഒരു വാഴയില വിരിച്ചിട്ട് അതിനുമുകളിൽ ചിക്കൻ ബിരിയാണിയാണ് വിളമ്പിയത്. വളരെ ആകർഷകമായ ഒന്ന്.
പതിയെ ഭക്ഷണം കഴിച്ചിറങ്ങി. ഇനി അടുത്തതെന്ത് ചെയ്യുമെന്ന് ഞങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി.
"അടുത്തത് ട്രംപൊളിൻ ആയാലോ..?" ഒരു സുഹൃത്ത് തന്റെ ഇഷ്ടം പരസ്യമാക്കി.
"അതെന്താ..?"
"അത് നിനക്കറിയില്ലേ..?
അതൊരു റബ്ബർ ഷീറ്റിന്റെ മുകളിൽ കയറി ചാടുന്ന കളിയാ..."
ട്രംപൊളിൻ എന്താണെന്നറിയാത്തവന് വിശദീകരണം നടത്തി പറഞ്ഞുകൊടുക്കാൻ ആ സുഹൃത്ത് ഒട്ടും പിശുക്ക് കാട്ടിയില്ല.
എന്നാൽ അടുത്തത് അതാകാം എന്ന് തീരുമാനിച്ച് ഞങ്ങൾ നടത്തം പുനരാരംഭിച്ചു.
ട്രംപൊളിൻ ഒരുക്കിയ മറ്റൊരു കൂടാരത്തിനു മുന്നിൽ ഞങ്ങൾ എത്തിച്ചേർന്നു. ഇനി അതൊന്നു ആസ്വദിക്കണം!
രണ്ടുപേർ വച്ച് കയറാമെന്ന് പറഞ്ഞുറപ്പിച്ച് വിനോദ പരിപാടി തുടങ്ങി. എന്നാൽ ചട്ടങ്ങൾ തെറ്റിക്കാനും ചില വിരുതന്മാർ മടിച്ചില്ല.
അങ്ങനെ പറഞ്ഞുറപ്പിച്ച പോലെ രണ്ടു കൂട്ടുകാർ കയറി. അപ്പോഴാണ് തമാശ തന്റെ ചരട് പൊട്ടിച്ചത്.
ട്രംപോളിനിൽ കയറിയപ്പോൾ തന്നെ അതിലൊരുവൻ ആവേശം മൂത്തു എന്നു തോന്നുന്നു. ഇരുവരും ഒരുമിച്ച് തുടങ്ങാം എന്ന തീരുമാനം അവിടെ മുറിഞ്ഞു. ആവേശം കയറിയവൻ മുകളിലേക്ക് കുതിച്ചു ചാടി. രണ്ടാമൻ ഷീറ്റിൽ കയറുന്നതേയുള്ളൂ..! അതിനുമുമ്പേ ഒന്നാമൻ ലാൻഡ് ചെയ്തു. ലാൻഡ് ചെയ്ത ആഘാതത്തിൽ രണ്ടാമൻ മുകളിലേക്ക് പൊങ്ങി പോയി. അവൻ ബാലൻസ് തെറ്റി ഷീറ്റിൽ മറിഞ്ഞുവീണു. അതിനു മുൻപേ ഒന്നാമൻ തന്റെ രണ്ടാമത്തെ ചാട്ടം കഴിഞ്ഞ് ലാൻഡ് ചെയ്തു. അതോടെ വീഴ്ചയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചവന്റെ ശ്രമം കാറ്റിൽ പറന്നു. അവൻ മുകളിലേക്ക് ഉയർന്നു. ബാലൻസ് തെറ്റി വീണ്ടും തകധിമി തോം..! ദാ...കിടക്കുന്നു ഷീറ്റിന്മേൽ!
ഈ പ്രവർത്തനം തുടർന്നു.
അതോടെ രസവും തന്റെ കെട്ടഴിക്കാൻ മടിച്ചില്ല. കാഴ്ച കണ്ട് ഞങ്ങളും ചിരി തുടങ്ങി. ചിരിച്ചു ചിരിച്ചു വയറു വേദനിച്ചപ്പോൾ ഞാൻ നിർത്തി.
അങ്ങനെ ആ തമാശയ്ക്കും തിരശ്ശീല വീണു.
(To be continued..........)
വിവരണം നന്നായി ട്ടുണ്ട്
ReplyDeleteThank You
Deleteനല്ല വിവരണം
ReplyDeleteKollada
ReplyDeleteVivaram adipoli😁