(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...
"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക് ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."
നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)
5)'സംവിധായകൻറെ കൈ'യും 'ആലിംഗനബദ്ധരും'
വളരെ മനോഹാരിതയും രസകരവും നിറഞ്ഞ ഒരു അനുഭവമാണ് മീനൂട്ട്. തീറ്റ വെള്ളത്തിലിട്ട നേരം ഒരു കൂട്ടം മത്സ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി ആ വെള്ളപരപ്പിന് മുകളിലൂടെ പൊങ്ങി വന്ന് തിരികെ മുങ്ങുന്ന കാഴ്ച കാണാൻ വളരെ രസകരമാണ്. വരുന്നതെല്ലാം കരിമീനുകൾ എന്നതാണ് അത്ഭുതമുളവാക്കുന്ന ഒരു കാര്യം. ആ കുളത്തിന് പച്ചനിറമാണ്. മരങ്ങളും ചെടികളും വൃത്താകാര പാതയിലുള്ള കുളത്തിന്റെ അതിർത്തിയിൽ അടിയുറച്ചു നിൽക്കുന്നതുകൊണ്ടായിരിക്കണം പച്ചനിറം ജലപ്പരപ്പിൽ കലരാൻ കാരണം, എന്നൊരു തോന്നൽ എന്നിൽ ഉളവാക്കി.
ഞാൻ ഈ വിവരണം എഴുതുമ്പോൾ പോലും ഈ അനുഭവം മായാതെ എൻറെ മനസ്സിലുണ്ട്.
രസകരമായ അനുഭവത്തിനു ശേഷം ഗൈഡിനൊപ്പം ഞങ്ങൾ നടക്കാൻ തുടങ്ങി.
പാർക്കിന്റെ വീഥികളിലൂടെയാണ് നടത്തം പുരോഗമിക്കുന്നത്.
മീനൂട്ടു പാലത്തിനു തൊട്ടടുത്തായി തന്നെ ഒരു പാർക്കുണ്ട്.സ്ലൈഡറും, സീസോയും, കുഞ്ഞൻ വിമാനമാതൃകയും ഒക്കെയുള്ള ഒരു പാർക്ക്. ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു.
ചില കാര്യങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരാൻ മനസ്സിലുറപ്പിച്ചു കൊണ്ടാണ് ഞങ്ങളെ നയിച്ചു കൊണ്ട് ഗൈഡ് മുന്നിൽ നടക്കുന്നത്. പുത്തൻ കാര്യങ്ങൾ കാണാനുള്ള ആകാംക്ഷയോടെ ഞങ്ങളും പിന്നിൽ നടന്നു.
ഗൈഡ് പാതയ്ക്ക് ഇരുവശവുമുള്ള മരങ്ങൾക്കിടയിലേക്ക് കടന്നു. അവർ ഞങ്ങൾക്ക് അവിടെയുള്ള പലതരം വൃക്ഷങ്ങളെയും ചെടികളെയും പരിചയപ്പെടുത്തി. പലതരം ഔഷധച്ചെടികളും പുതുതലമുറയ്ക്ക് കാണാൻ സാധിക്കാതെ പോയ മരങ്ങളും ചെടികളും (എനിക്ക് മിക്ക ചെടികളുടെ പേരുകൾ മറന്നു പോയിട്ടുണ്ട്). ഒറ്റത്തടിയിൽ ഉള്ളത്, തായ്ത്തടി വീതിയേറിയത്, ശാഖകളുള്ളത്, പലതരം ആകൃതിയിലുള്ള ഇലകളുള്ളത്, അങ്ങനെ വൈവിധ്യം കൊണ്ട് അവിടം സ്വർഗ്ഗ തുല്യമാക്കി മണ്ണിൽ വേരുറപ്പിച്ചു നിൽക്കുന്ന നൂറുകണക്കിന് വൃക്ഷങ്ങളും ചെടികളും. അവയുടെയെല്ലാം പേരുകൾ അതിന്റെ തൊട്ടടുത്തായി ബോർഡിലെഴുതി മണ്ണിൽ കുത്തിവച്ചിട്ടുണ്ട്.
എന്നെ ആകർഷിച്ച ഒരു മരം രുദ്രാക്ഷം ആണ്. “രുദ്രാക്ഷം കായ്ക്കുന്ന മരം” എന്ന് കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. അതുവരെ ഞാൻ കരുതിയിരുന്നത് രുദ്രാക്ഷം എന്ന് പറയുന്നത് മനുഷ്യനിർമ്മിതമായ ഒരു വസ്തുവാണെന്നാണ്. പക്ഷേ അന്നാണ് ഞാൻ രുദ്രാക്ഷം മരത്തിൽ കായ്ക്കുന്ന ഒരു കായ ആണെന്ന് മനസ്സിലാക്കിയത്.
മരങ്ങളെ പരിചയപ്പെടുന്ന വേളയിൽ ഞാൻ ഒരു കാഴ്ച കണ്ടു. ഒരു ഭീമൻ കൈപ്പത്തി മണ്ണിൽ നിന്നും മുകളിലേക്ക് മുളച്ചിരിക്കുന്നു. ആ കൈപ്പത്തിക്ക് കൃത്യം നടുവിലായി തായിവേരുത്താഴ്ത്തി ഒരു വൃക്ഷവും നിലകൊള്ളുന്നു. വളരെ അർഥപൂർണ്ണമുള്ള ഒരു ശില്പമായി എനിക്കതു ബോധിച്ചു. ശില്പത്തിന്റെ പേര് “സംവിധായകന്റെ കൈ” എന്നാണ്. ഇവിടെ സംവിധായകൻ എന്നുദ്ദേശിച്ചത് മാംഗോ മെഡോസ് എന്ന അഗ്രികൾച്ചറൽ തീം പാർക്കിലെ സംവിധായകനെയാണ് (Director of 'Mango Medows'). ഒരു ദൗത്യമാണ് അദ്ദേഹം നടത്തുന്നത്. പച്ചപ്പിനെ സംരക്ഷിക്കുക എന്ന ദൗത്യം. സംവിധായകന്റെ കൈയിയ്ക്കുള്ളിൽ അവിടെയുള്ള ചെടികളെല്ലാം ഭദ്രമാണ് എന്ന ആശയമാണ് ആ ശില്പം നമ്മൾക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്.
പാർക്കിലെ ഓരോ ഭാഗങ്ങളിലായി പല പല ശില്പങ്ങൾ ഉണ്ട്. ബൈബിൾ ഗ്രന്ഥത്തിൻറെ ഒരു ഭീമൻ ശിൽപ്പം, കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ലുട്ടാപ്പിയും കുട്ടൂസനും ഡാകിനിയും തന്റെ മരവീടിനു മുൻപിൽ, തുടങ്ങിയ രസകരവും, ആശയങ്ങൾ പങ്കു വെക്കുന്നതുമായ ഒരു കൂട്ടം ശില്പങ്ങൾ.
അവയിൽ എടുത്തു പറയേണ്ട മറ്റൊരു ശിൽപം ഉണ്ട്. ആലിംഗനബദ്ധരായി നിൽക്കുന്ന പുരുഷനും സ്ത്രീയും, അവരുടെ കാൽക്കൽ ഒരു പിഞ്ചു കുഞ്ഞും. ശില്പത്തിൽ സ്ത്രീ, പുരുഷനിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അവളുടെ ശരീരത്തിൽ നിന്ന് ആകാശത്തിലേക്ക് ഉയർന്ന് നിൽക്കുന്ന ശിഖരങ്ങളും ഉപശിഖരങ്ങളുമാണ്. ആ സ്ത്രീ ശില്പത്തെ നമുക്ക് പ്രകൃതിയായി കണക്കാക്കാം. പുരുഷനെ മാനവരാശിയായും. അങ്ങനെ സങ്കൽപ്പിക്കുകയാണെങ്കിൽ നമുക്ക് ആ ശില്പത്തിൽ നിന്ന് ലഭിക്കുക ഒരു സന്ദേശമാണ്. മാനവരാശി പ്രകൃതിയോടിണങ്ങി, സ്‌നേഹിച്ചു കഴിയണം എന്ന സന്ദേശം. ഈ ശില്പത്തിൽ ആ മുട്ടിലിഴയുന്ന കുട്ടിയുടെ സാന്നിധ്യത്തിൽ നിന്ന് ആശയം നെയ്തെടുക്കാൻ ശ്രമിച്ചെങ്കിലും എൻറെ ശ്രമം വിഫലമായി എന്ന് തന്നെ പറയാം. ആ ശിശു ആലിംഗനത്തിൽ ഏർപ്പെട്ട പുരുഷനെയും സ്ത്രീയെയും നോക്കിനിൽക്കുകയാണ്. അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ കുഞ്ഞു കിരണങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി. (വായനക്കാരോട് ഒരു അഭ്യർത്ഥന:- ഈ കുട്ടിയുടെ സാന്നിധ്യത്തിന് അർത്ഥം കണ്ടെത്താൻ സഹായിക്കുക. അഭിപ്രായം താഴെ അറിയിക്കാനും മറക്കരുത്.)
ആ ശില്പത്തിന് തൊട്ടടുത്തായി ഒരു 40-45 നും ഇടയിൽ പ്രായമുള്ള ഒരു വ്യക്തി നിൽക്കുന്നു. അദ്ദേഹത്തിന്റെ കൈയിൽ ഓടക്കുഴലുണ്ട്. കൂടാതെ മൈക്ക് പോലെ ഒരു ഉപകരണം സ്റ്റാൻഡിൽ നിർത്തിയിരിക്കുന്നു. ഒരു കലാകാരനാണദ്ദേഹം. ഒരു ബനിയനും ജീൻസുമാണദ്ദേഹം ധരിച്ചിരിക്കുന്നത്.
ഞങ്ങൾ അദ്ദേഹത്തിൻറെ അടുക്കൽ ചെന്നു. തന്റെ കഴിവ് കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ലഭിച്ച ഒരു കലാകാരനെ ആഹ്ലാദം അദ്ദേഹത്തിൻറെ നേത്രങ്ങളിൽ തിളങ്ങി. അദ്ദേഹത്തിൻറെ കൈകൾ ഓടാകുഴലിന്റെ ദ്വാരങ്ങളുടെ മേൽ നൃത്തം വെയ്ക്കാൻ കൊതിച്ചു. അദ്ദേഹത്തിന്റെ ശ്വാസം ഓടകുഴലിലൂടെ ഒഴുകിനടന്ന് അന്തരീക്ഷം ശബ്ദമുഖരിതമാക്കാൻ കിതച്ചു.
ആ കലാകാരൻ പ്രശസ്ത പാശ്ചാത്യ ഗായകൻ ജസ്റ്റിൻ ബീബർ പാടിയ "Believer" എന്ന ഗാനം തന്നെ പുല്ലാംകുഴലൂടെ വായിച്ചു. ഓടക്കുഴൽ വായനയ്ക്ക് പശ്ചാത്തല സംഗീതം നൽകിക്കൊണ്ട് മൈക്ക് പോലുള്ള ഉപകരണം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കലാപരിപാടി കഴിഞ്ഞപ്പോൾ ഞങ്ങൾ കൈയടിച്ച് അഭിനന്ദിച്ചു.
ഗൈഡ് ഞങ്ങളെ ആ പാർക്ക് പരിചയപ്പെടുത്തിയതിനു ശേഷം പിരിഞ്ഞുപോയി.
ഇനി ഞങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ പാർക്കിൽ അലഞ്ഞുനടക്കാം. അടുത്തതായി എങ്ങോട്ട് പോകണം എന്ന് ഞങ്ങളിൽ പലരും നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു.



Wow kollam enikku ishtapettu😁
ReplyDeleteThank you
Deleteപ്രപഞ്ചത്തിന്റെ ഉൽപ്പത്തി ക്ക് കാരണമായ പ്രക്യതിയുഃ പുരുഷനുമാണ് ആ രണ്ടു ശില്പങ്ങൾ. പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ശിവനും ശക്തിയും അതുതന്നെ യാണ്.മുട്ടിലിഴയുന്ന കുഞ്ഞ് മനുഷ്യരാശിയും. ഈ പ്രപഞ്ചത്തില് മനുഷ്യരാശി ഇപ്പോഴും ശൈശവ ദശയിലാണ്. അജിത.
ReplyDeleteThank you for your valuable opinion
Delete