എന്റെ ഓർമ ശരിയാണെങ്കിൽ, 2020 ജനുവരി 9-ാം തീയതിയായിരുന്നു അന്ന്.
രാവിലെ ഞാൻ സ്കൂളിലേക്ക് പുറപ്പെട്ടത് 9:20നാണ്.സൈക്കിളിൽ കയറി ഇരുന്നപ്പോഴാണ് മനസ്സിലായത് ടയറിൽ കാറ്റില്ലെന്ന്. ടയറിൽ കാറ്റടിക്കാൻ പോക്കറ്റിൽ ഒരു പത്ത് രൂപയിട്ട് സൈക്കിളുമായി വീടിനു പുറത്തേക്കിറങ്ങി.
പിന്നെയങ്ങോട്ട് ആഞ്ഞൊരു പരിശ്രമമായിരുന്നു. ആഞ്ഞ്, ആഞ്ഞ് ഞാൻ സൈക്കിൾ ചവിട്ടി. നേരമില്ലാത്ത നേരത്ത് സൈക്കിളിന് കാറ്റടിക്കാൻ സൈക്കിൾ വർക്ക്‌ഷോപ്പിൽ പോകുന്നത് ബുദ്ധിയല്ലെന്ന് തോന്നി. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ടയറിന് കാറ്റാടിക്കാം എന്ന് തീരുമാനിച്ച് ഞാൻ സൈക്കിൾ ചവിട്ടി, ചവിട്ടി വീട്ടിൽനിന്ന് ഏകദേശം 2കിലോമീറ്റർ അകലെയുള്ള എന്റെ സ്കൂളിലെത്തി.
സ്കൂളിന്റെ ഗേറ്റിനടുത്തെത്തിയപ്പോൾ ദേശീയഗാനാലാപനം അവസാനഭാഗമെത്താറായി. ഞാൻ സൈക്കിൾ ഗേറ്റിനു പുറത്തുനിർത്തി.
ഞാൻ പഠിക്കുന്ന സ്കൂളിൽ രണ്ടുതരം അസംബ്ലികൾ നടത്താറുണ്ട് (മിക്ക സ്കൂളുകളും ഈ സമ്പ്രദായം ഉണ്ടായേക്കാം).ഒന്നാമത്തേത് സ്കൂൾ അങ്കണത്തിൽ എല്ലാ ടീച്ചർമാരും എല്ലാ വിദ്യാർഥികളും ഒത്തുചേർന്ന് നടത്തുന്ന സാധാരണ അസംബ്ലിയാണ്. രണ്ടാമത്തെ രീതി, അസംബ്ലി കണക്ട് ചെയ്യുന്ന കുട്ടികൾ പ്രാർത്ഥനയും പ്രതിജ്ഞയും മുതൽ ദേശീയ ഗാനം വരെ ഒരു മൈക്കിലൂടെ പറയുന്നത് ബാക്കിയുള്ള വിദ്യാർത്ഥികൾ അവരവരുടെ ക്ലാസ്സുകളിൽ നിന്നു കൊണ്ട് കേൾക്കുന്ന ഒന്നാണ്.
രണ്ടാമത് പറഞ്ഞ അസംബ്ലി രീതിയാണ് സ്വതവേ എന്റെ സ്കൂളിൽ എല്ലായ്പ്പോഴും നടക്കുക.ചില പ്രത്യേക ദിനങ്ങളിൽ മാത്രം, ഉദാഹരണത്തിന് പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ശിശുദിനം പോലുള്ള വിശിഷ്ടദിനങ്ങളിലാണ് ഒന്നാമതായി പറഞ്ഞ അസംബ്ലി രീതി നടത്തുന്നത്.
അന്ന് സാധാരണ നടക്കാറുള്ള അസംബ്ലി ആയിരുന്നു. ദേശീയ ഗാനാലാപനം ഉച്ചഭാഷിണിയിൽ അന്ത്യം കുറിച്ചപ്പോൾ സൈക്കിളുമായി ഞാൻ സ്കൂളിനകത്തെ സൈക്കിൾ ഷെഡിലേക്ക് വേഗം ചെന്നു.സൈക്കിൾ, ഷെഡിൽ പൂട്ടിട്ട് നിർത്തി ഞാൻ 9A ലക്ഷ്യമാക്കി ഓടി.
ഭാഗ്യത്തിന് ക്ലാസിൽ ടീച്ചർ വന്നിട്ടില്ലായിരുന്നു. കൂട്ടുകാർ ക്ലാസ്സിൽ അങ്ങിങ്ങായി ഗ്രൂപ്പുകൾ തിരിഞ്ഞ് സംസാരത്തിലാണ്. ക്ലാസ്സിൽ ഞാൻ നിത്യവും ഇരിക്കാറുള്ള സ്ഥാനത്ത് തന്നെ ഇരുന്നു. 9A യിലെ ആകെ കുട്ടികളുടെ എണ്ണം നന്നേ കുറവായതിനാൽ അവരുടെ വർത്തമാനശബ്‌ദം ക്ലാസ്സിനകത്ത് അസഹ്യമായി തോന്നിയില്ല.
അന്ന് 9A യ്ക്കായിരുന്നു അസംബ്ലി കണ്ടക്ട് ചെയ്യാനുള്ള ഉത്തരവാദിത്യം. സ്വതവേ ക്ലാസിലെ ആൺകുട്ടികൾ അസംബ്ലി നടത്തുന്നതിൽ മടിയാണ്. അതിനാൽ പെൺക്കുട്ടികൾ അതേറ്റെടുക്കാൻ നിർബന്ധിതരാകുന്നു. കുറച്ചുകഴിഞ്ഞപ്പോൾ തങ്ങളുടെ ദൗത്യം നിർവ്വഹിച്ച് പെൺകുട്ടികൾ ക്ലാസിലെത്തി. അവരിലൊരാൾ ക്ലാസിലെത്തിയപ്പോൾ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു-
"എടാ..., നമ്മളെ ടീച്ചർമാർ 'modern bread' ഫാക്ടറിയിൽ കൊണ്ടുപോകുന്നുണ്ട്."
"നമ്മൾ മാത്രമേയുള്ളൂ..??"-ഒരാൾ തന്റെ സംശയം പ്രകടിപ്പിച്ചു.
"അല്ലടാ.. എട്ടാം ക്ലാസ്സുകാരുമുണ്ട്." -അവൾ മറുപടി നൽകി.
ഞങ്ങളുടെ സ്കൂളിനടുത്തായി മോഡേൺ ബ്രെഡ് ഫാക്ടറിയുടെ ഒരു ബ്രാഞ്ചുണ്ട്. അവിടേക്കാണീ യാത്ര.
5 മിനിറ്റിന് ശേഷം ക്ലാസ്ടീച്ചർ ക്ലാസിലെത്തി, ഞങ്ങളുടെ എണ്ണമെടുത്തു. 10 മണിക്ക് മുൻപേ എല്ലാവരെയും ടീച്ചർ ഒരുക്കിനിർത്തി. എട്ടാം ക്ലാസ്സുകാരെ ഒരു വരിയായും ഒൻപതാം ക്ലാസ്സുകാരെ മറ്റൊരു വരിയായും നിർത്തി. കാൽനടയായാണ് യാത്ര.
10മണിക്ക് യാത്രയാരംഭിച്ചു.
സ്കൂളിൽ നിന്ന് രണ്ടു വരിയായി ആരംഭിച്ച വിദ്യാർഥികളുടെ കാൽനടയാത്ര ഗേറ്റിനുപുറത്തെത്തിയപ്പോൾ അതിൽ ഭൂരിഭാഗം പേരും ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് ഏകദേശം വരിവരിയായി പോകുന്ന രീതിയിൽ നടന്നു. ടീച്ചർമാർ ഇടയ്ക്കിടയ്ക്ക് വരിയെ ശരിപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഞങ്ങളുടെ സ്കൂൾ നിൽക്കുന്നത് ഒരു ഇടത്തരവീതിയുള്ള ഒരിടവഴിയിലാണ്.ഇടവഴിയുടെ രണ്ടോരത്തുമായി, ഒരു ഉറുമ്പിൻകൂട്ടം വരിവരിയായി പോകുന്ന പോലെ ഞങ്ങളുടെ യാത്രാസംഘം സഞ്ചരിച്ചു.ഈ ഇടവഴിയുടെ ഒരറ്റം പോയി മുട്ടുന്നത് പ്രധാനവീഥിയിലാണ്.
മെയിൻറോഡിലെത്തിയപ്പോൾ, പിന്നീട് ഫുട്പാത്തിലൂടെയായി ഞങ്ങളുടെ നടത്തം.
പ്രധാനവീഥിയിൽ സ്ഥിരം കാഴ്ച്ചയായിരുന്ന ചീറിപ്പായുന്ന വാഹനങ്ങളും, ഫുട്പാത്തിലൂടെ നടക്കുന്ന കുറെ അപരിചിതമനുഷ്യരുമായിരുന്നു അന്നും കാണാനുണ്ടായിരുന്നത്.
അങ്ങനെ ഞങ്ങൾ മോഡേൺ ബ്രഡ് ഫാക്ടറിയിലെത്തി. ഞങ്ങളെ അവിടെയുണ്ടായിരുന്ന ഒരു സെക്യൂരിറ്റിക്കാരൻ സെക്യൂരിറ്റിറൂമിലേക്ക് മാടിവിളിച്ചു. യാത്രാസംഘം അതനുസരിച്ച് സെക്യൂരിറ്റിറൂമിലെത്തിയപ്പോൾ അദ്ദേഹം പുറത്തെ തിണ്ണയിലേക്ക് കൈചൂണ്ടി ചിലരോട് അവിടെയിരിക്കാൻ പറഞ്ഞു. കുറച്ചുപേരെ അവിടെയുണ്ടായിരുന്ന കസേരക്കൂട്ടങ്ങളിലേക്ക് ഇരിക്കാൻ ക്ഷണിച്ചു. പക്ഷെ, അവിടെയാകെ അഞ്ചോ, ആറോ കസേരയേയുണ്ടായിരുന്നുള്ളൂ. കൂട്ടത്തിൽ മുന്നിലുണ്ടായിരുന്ന അഞ്ചാറുപേർ ചാടിക്കയറി ആ കസേരകളിൽ ഇരിപ്പുറപ്പിച്ചു. അവരിൽ ഞാനുമുണ്ടായിരുന്നു.
അവിടെയിരുന്ന് ബോറടിയ്ക്കാതിരിക്കാൻ ഞങ്ങൾ തമ്മിൽ വാചാലരായി. ചിലർ വെടി പറഞ്ഞുമിരുന്നു.
ഫാക്ടറിയുടെ മതിലുകളെ പെയിന്റടിച്ച് മോടിപിടിപ്പിക്കുന്ന, ധൃതിയേറിയ ജോലിയിൽ മുഴുകിയിരുന്നുകൊണ്ട് അഞ്ചോ പത്തോ പേരടങ്ങിയ പെയിന്റുപണിക്കാർ അവിടെയുണ്ടായിരുന്നു. നേരത്തെ പറഞ്ഞപ്പോലെ, കസേരക്കൂട്ടങ്ങളിൽ സ്ഥാനം പിടിച്ച് ക്ഷീണമകറ്റുന്ന ഞാനും കുറച്ച് കൂട്ടുകാരും സംസാരിച്ചുകൊണ്ടിരുന്ന വേളയിൽ, ഞങ്ങളുടെ അടുത്ത് നേരത്തെ നിൽപ്പുറപ്പിച്ച കൂട്ടുകാരിൽ രണ്ടുപേർ മതിലിൽ ചാരിനിൽക്കുകയായിരുന്നു. ഒരാൾ കൈപ്പത്തി മതിലിൽ കുത്തി നിന്നപ്പോൾ മറ്റേയാൾ മതിലിൽ തന്റെ മുതുക് ചാരിനിന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് മതിലിൽ കൈ കുത്തിനിന്നവന് തന്റെ അമളി മനസിലായത്.അവൻ കൈപ്പത്തി നോക്കിയപ്പോൾ കൈ നിറയെ ചായം!
പറയണോ രണ്ടാമന്റെ കഥ..!!
അവന്റെ യൂണിഫോമിൽ ചായം കൊണ്ടുള്ള ചിത്രപ്പണികളായി.
കണ്ടവരെല്ലാം അവരെ കളിയാക്കി,ടീച്ചർമാർ ഒഴികെ.
ആ ഫാക്ടറിയിൽ രണ്ട് സെക്യൂരിറ്റിക്കാരുണ്ട്. നല്ല ആകൃതിയിൽ വെട്ടിയൊതുക്കിയ മുടിയും കട്ടിയുള്ള മീശയും ഇരുനിറമാർന്ന ഉരുണ്ട പ്രകൃതക്കാരനാണ് അവരിലൊരു സെക്യൂരിറ്റിക്കാരൻ. മറ്റൊരാൾക്കു മുൻവശം വെട്ടിത്തിളങ്ങുന്ന കഷണ്ടിയും കനമുള്ള മീശയും നേരിയ വെളുപ്പും വടിവൊത്തതുമായ ശരീരവുമാണുള്ളത്.
ഇരുവർക്കും കറുത്ത ഷർട്ടും, പാന്റുമാണ് യൂണിഫോം. അവർ സെക്യൂരിറ്റികളെപ്പോലെ തലയിൽ തൊപ്പിയൊന്നുമണിഞ്ഞ് കണ്ടില്ല(അവർക്ക് യൂണിഫോമിനൊപ്പം തൊപ്പിയില്ലാത്തതാണോ... അതോ, അവർ തൊപ്പി ധരിക്കാത്തതാണോ എന്നതിൽ എനിക്ക് ഉറപ്പില്ല).
ഓരോ ചെറിയ ഗ്രൂപ്പുകൾ തിരിഞ്ഞ്, ടീച്ചർമാരുടെ മേൽനോട്ടത്തിൽ, ഓരോ ഊഴമനുസരിച്ചാണ് ഞങ്ങൾ ഫാക്ടറിയ്ക്കകം സന്ദർശനം നടത്തേണ്ടിയിരുന്നത്.
ഈ ഫാക്ടറിയിൽ നിന്ന് നിർമിച്ചെടുത്ത ബ്രെഡും കേക്കും റസ്‌ക്കുമൊക്കെ കൊണ്ടുപോകാൻ അവിടേക്ക് കണ്ടെയ്നർ വാഹനങ്ങൾ വന്നുപോയിക്കൊണ്ടിരുന്നു. ഞാനടങ്ങിയ സന്ദർശകഗ്രൂപ്പ് സന്ദർശനം നടത്തുന്നതിന് തൊട്ടുമുൻപ് വരെ ഏകദേശം നാലോ, അഞ്ചോ കണ്ടെയ്നർ വാഹനങ്ങൾ ഫാക്ടറിക്കകത്തേക്കും പുറത്തേക്കും പോയി കഴിഞ്ഞിരുന്നു.
അങ്ങനെ ഞാനടങ്ങുന്ന സന്ദർശകഗ്രൂപ്പിന്റെ ഊഴമായി. സന്ദർശനത്തിന് മുൻപ് ഞങ്ങളുടെ വാച്ച് സെക്യൂരിറ്റിക്ക് കൈമാറണമായിരുന്നു. കൈമാറ്റ ത്തിനു ശേഷം ഞങ്ങൾ ഫാക്ടറിക്കകത്തേക്ക് കയറാനുള്ള കവാടത്തിനു പുറത്തു നിന്നു. കൂടെ മേല്നോട്ടത്തിന് മൂന്ന് അധ്യാപകരും പ്രധാനധ്യാപികയുമുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വെളുത്ത തൊപ്പിയും ആപ്രോണുമിട്ടുകൊണ്ട് 40–45-നിടയിൽ പ്രായമുള്ള ഒരു സ്ത്രീ എത്തിച്ചേർന്നു. അവരവിടത്തെ ഒരു ജീവനക്കാരിയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. അവരുടെ കൈയിൽ, അവർ ധരിച്ച തൊപ്പിയുടെ അതേ ആകൃതിയിലുള്ള, ചുവന്ന തൊപ്പികളുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആ തൊപ്പികൾ തന്നു. അത് ധരിച്ചുവേണം ഫാക്ടറിയ്ക്കകം സന്ദർശിക്കാവൂ...
പെൺകുട്ടികൾ രണ്ടായി പകുത്ത മുടിയഴിച്ച് കുടുമയായി കെട്ടിവച്ചു. എന്നിട്ട് കൈവശമുള്ള തൊപ്പി ധരിച്ചു. ടീച്ചർമാരും തലമുടി കുടുമയാക്കി തൊപ്പി തലയിൽ ധരിച്ചു.
ആൺകുട്ടികളായ ഞങ്ങളിൽ ചിലർ തലമുടിയിൽ പലതരത്തിലുള്ള സ്റ്റൈലുകൾ പരീക്ഷിച്ചവരാണ്. ഈ സ്റ്റൈലൻ മുടി പുറത്തുക്കാട്ടി 'ചെത്തി' നടക്കാൻ ആഗ്രഹിച്ചിരുന്ന ഇക്കൂട്ടർക്ക് ചുവപ്പൻ തൊപ്പി അതിനൊരു തടസ്സമായി. ആ ഭംഗിയാർന്ന മുടി അലങ്കോലമാക്കാതിരിക്കാൻ ശ്രദ്ധിച്ച ഇവർ തൊപ്പി ധരിക്കാൻ കൂട്ടാക്കിയില്ല. പക്ഷെ 'തൊപ്പിയിടാത്തവരെ ഫാക്ടറിയിൽ കയറ്റില്ല' എന്ന അധ്യാപകരുടെ ശാസനയ്ക്ക് വഴങ്ങി, അവർ തൊപ്പി ധരിക്കാൻ നിർബന്ധിതരായി.
മുടിയെ ന്യൂ ജെൻ സ്റ്റൈലുകൾക്ക് മുൻപിൽ വഴങ്ങിക്കൊടുക്കാൻ ഇഷ്ടമല്ലാത്ത ഞാൻ , ആ തൊപ്പി ലഭിച്ചപ്പാടെ തലയിലുറപ്പിച്ചു.
ഈ തൊപ്പി ധരിക്കുന്നതിന്റെ ആവശ്യം കൂടി പറയണമല്ലോ..
ഫാക്ടറി സന്ദർശിക്കുന്ന വേളയിൽ നമ്മുടെ വല്ല മുടിനാരും ഭക്ഷണ പദാർത്ഥത്തിലോ മറ്റോ വീഴാതിരിക്കാനാണ് ഈ 'മുൻകരുതൽ'.
അതിനാൽ മുടി പുറത്തുകടക്കാത്ത വിധത്തിലായിരിക്കണം ഈ തൊപ്പി ധരിക്കേണ്ടത്.
ചുവപ്പൻ തലപ്പാവണിഞ്ഞ ഞങ്ങൾ വരിവരിയായി ഫാക്ടറിയുടെ ഉൾവശത്തേക്ക് കടന്നു. ഓരോ ഭാഗവും പരിചയപ്പെടുത്താൻ ഞങ്ങളോടൊപ്പം, നേരത്തെ തൊപ്പിവിതരണം നടത്തിയ ആ സ്‌ത്രീയുമുണ്ട്. ആ പ്രായമേറിയ സ്ത്രീയെ 'ഗൈഡ്' എന്ന് നമുക്ക് വിശേഷിപ്പിക്കാം.
തികച്ചും യന്ത്രവത്കൃതമായ ഒരു ലോകമായിരുന്നു അവിടം. അവിടെ പുറത്തുള്ളതിനെക്കാൾ കൂടുതൽ ചൂടുള്ള അന്തരീക്ഷമായിരുന്നു. ആ താപത്തിനു കാരണം ആ യന്ത്രങ്ങളുടെ പ്രവർത്തനമാണ്. യന്ത്രം പ്രവർത്തിക്കുമ്പോൾ പുറന്തള്ളപ്പെടുന്ന താപമാണിത്.
ആദ്യമായി, ഞങ്ങളെ ഗൈഡ് കൊണ്ടുപോയി പരിചയപ്പെടുത്തിയത് ബ്രെഡിന്റെ മിശ്രിതമുണ്ടാക്കുന്ന യൂണിറ്റാണ്. അവിടെ ഒരു യന്ത്രമാണ് ഈ കൂട്ടുണ്ടാകുന്നത്. യന്ത്രത്തെ നിയന്തിക്കാൻ രണ്ട് ജീവനക്കാരുമുണ്ട്.
ജീവനക്കാരുടെയടുത്തായി ഒരു വലിയ ചെമ്പ് പോലുള്ള പാത്രവുമുണ്ട്. ഈ യന്ത്രത്തിന്റെ ഒരു ഭാഗത്താണ് ബ്രെഡിന്റെ കൂട്ടുള്ള മാവ് നിൽക്കുന്നത്. ആ ഭാഗം പുറത്തേക്ക് തുറന്നുവരുമ്പോൾ അതിനുള്ളിലായി മാവിന്റെ കൂറ്റൻ രൂപം തന്നെ കാണാൻ സാധിക്കും. വലിയ ഒരുരുളയാണീ മാവ്.
ആ ഉരുള ആ യന്ത്രത്തിൽ കിടന്ന് വേഗത്തിലും വേഗത കുറച്ചും കറങ്ങിക്കൊണ്ടിരിക്കുന്നു.ഒരു നിശ്ചിത സമയത്തിനു ശേഷം ഈ മിശ്രിതത്തെ യന്ത്രം പുറത്തേക്ക് പുറന്തള്ളുന്നു. പുറന്തള്ളുന്ന മാവിനെ ഈ ജീവനക്കാർ നേരത്തെ പറഞ്ഞിരുന്ന ആ ചെമ്പ് പോലുള്ള പാത്രത്തിലേക്ക് മാറ്റുന്നു. തൊട്ടപ്പുറത്തെ ഒരു മുറിയിൽ നിന്ന് ഒരാൾ ട്രോളി പോലുള്ള കാരിയർ കൊണ്ടുവന്ന് മാവ് നിറച്ച ചെമ്പിനെ കാരിയേറിലേക്ക് മാറ്റുന്നു. എന്നിട്ട് ഈ കാരിയറുമായി അയാൾ മറ്റൊരു യന്ത്രത്തിനടുത്തേക്കാണ് പോകുന്നത്.
ഞങ്ങൾ അയാളോടൊപ്പം ആ യന്ത്രത്തിനടുത്തേക്ക് നടന്നു. ആ മനുഷ്യൻ ആ ചെമ്പിലെ മാവ് യന്ത്രത്തിലെ ഒരു അറയിലേക്ക് ഒഴിച്ചു കൊടുത്തു. ഗൈഡ് ഞങ്ങളുമായി യന്ത്രത്തിന്റെ മറ്റേത്തലയിലേക്ക് നടന്നു. അവിടെ യന്ത്രത്തിൽ നിന്ന് ഒരു കൈപ്പത്തിയകലത്തിൽ ഒരു കറങ്ങുന്ന പാത്രവും അതിനോടൊപ്പം മറ്റൊരു ജീവനക്കാരനെയും കണ്ടു. അയാളുടെ കൈയിൽ ഗോതമ്പുപൊടിയുടെ ഒരു കവറുമുണ്ട്. യന്ത്രത്തിൽ നിന്ന് ഓരോ ഉരുള മാവ് വന്ന് ഈ കറങ്ങുന്ന പാത്രത്തിൽ പതിക്കുമ്പോൾ, പത്രത്തിനടുത്തു നിൽക്കുന്നയാൾ തന്റെ കൈയിലെ പൊതിയിൽ നിന്ന് ഒരു പിടി വീതം ഗോതമ്പുപൊടി പാത്രത്തിൽ വിതറുന്നു. നാം ചപ്പാത്തി പരത്തുമ്പോൾ ചപ്പാത്തിപലകയിൽ ഗോതമ്പുപൊടി വിതറുന്നതെന്തിന്?
അതേ ആവശ്യം തന്നെ നിറവേറ്റനാണ് ഇവിടെയും പൊടി വിതറുന്നത്. (പാത്രത്തിൽ മാവ് ഒട്ടിപിടിക്കാതിരിക്കാനാണ് ഈ വിദ്യ ഉപയോഗിക്കുന്നത്.)
പാത്രത്തിലേക്ക് വീഴുന്ന മാവിനെ തൊട്ടപ്പുറത്തെ യന്ത്രത്തിൽ നിന്ന് ഒരു നിറപകിട്ടില്ലാത്ത യന്ത്രക്കൈ വന്ന് 'കിഡ്നാപ്' ചെയ്ത് താൻ പുറപ്പെട്ട അതേ യന്ത്രത്തിലേക്ക് തന്നെ മടങ്ങുന്നു. ഇത്തരത്തിൽ തൊട്ടപ്പുറത്തെ യന്ത്രത്തിലെത്തുന്ന ഓരോ മാവുരുളയും യന്ത്രത്തിന്റെ മറുത്തലയിലൂടെ പുറത്തേക്ക് വരുന്നത് പരിഷ്കാരിയായാണ്. പുറത്തെത്തുന്ന മാവ് ദീർഘവൃത്താകൃതിയിലുള്ളതാണ്. കൂടാതെ അവൻ ഒരു ഇരുമ്പിന്റെ അച്ചിലുമായിരിക്കും നിലകൊള്ളുന്നത്. അവന്റെ പിന്നീടുള്ള യാത്ര ആ ചട്ടക്കൂടിനുള്ളിലായിരിക്കും.
ഈ അച്ചും മാവും പിന്നീടെത്തുന്നത് മറ്റൊരു യന്ത്രത്തിലേക്കാണ്. ഈ യന്ത്രം അച്ചിനകത്തെ മാവിനെ വേവിച്ച് ബ്രെഡിന്റെ രൂപത്തിലാക്കി പുറത്തേക്കു വിടുന്നു.അത്തരം ബ്രെഡുകൾ ആയിരകണക്കിനാണ് അവിടെ നിർമിക്കുക. വെന്ത ബ്രെഡുകൾ അച്ചോടൊപ്പം ഒരു പ്രത്യേക ഘടനയുള്ള ഒരു യന്ത്രഭാഗത്തെത്തി ചേരുന്നു. പ്രത്യേകരീതിയിലുള്ള ഒരു ഇരുമ്പുചക്രം ആ യന്ത്രഭാഗത്തിന്റെ മുകളിലായി കറങ്ങുന്നു. ഈ അച്ചും വെന്ത ബ്രെഡും ഇവിടെ നിന്ന് രണ്ട് വഴിക്ക് പിരിയുന്നു. അച്ച് അടുത്ത ബ്രെഡിനെ ചുമക്കാനും, വേവിച്ച ബ്രെഡ് പാക്ക്‌ചെയ്യാനുമാണ് ഈ പിരിയൽ.
ബ്രഡ് തന്റെ പാതയിലൂടെ ചലിച്ച് ഒരു വളവ് തിരിഞ്ഞു. അവിടെ അവനെ പോലെയുള്ള അനേകം ബ്രെഡുകൾ കാത്ത് ഒരു വമ്പൻ കാത്തിരിപ്പുണ്ട്. ബ്രഡ് സ്ലൈസ് (കഷ്ണങ്ങളാക്കി മുറിക്കുക)ചെയ്യാനായി കാത്തുനിൽക്കുന്ന ഒരു യന്ത്രമാണീ വമ്പൻ !
വളവു തിരിഞ്ഞുവരുന്ന ബ്രെഡുകളെ അവിടെ നിൽക്കുന്ന ഒരു ജീവനക്കാരൻ ഈ വമ്പന്റെ മുന്നിലേക്ക് എടുത്തു വച്ചുകൊടുക്കും. വമ്പന്റെ കലാവിരുതിന് മുൻപിൽ വിധേയമാകുന്ന ബ്രെഡ് പുറത്തേക്കെത്തുന്നത് സ്ലൈസ് ചെയ്യപ്പെട്ട് വൃത്തിയായി ഒരു പായ്ക്കറ്റിലാക്കിയാണ്. അതുകാണുമ്പോൾ വമ്പനായ യന്ത്രത്തിന്റെ കലാവിരുതിനെ നാം പ്രശംസിച്ചുപോകും.
പായ്ക്കറ്റിലാക്കിയ ബ്രെഡ് രണ്ട് വളവുകൂടി തിരിഞ്ഞ് മറ്റൊരു യന്ത്രത്തിന്റെ മുൻപിലെത്തുന്നു. ഈ യന്ത്രത്തിന് വളരെ ലളിതമായ ഒരു ജോലിയാണുള്ളത്. ഈ വരുന്ന പായ്ക്കറ്റിന്റെ തുറക്കുന്ന തലഭാഗം ചുരുട്ടി കെട്ടിവയ്ക്കുക എന്നതാണ് കക്ഷിയുടെ ജോലി. ഇവന്റെ കടമ കൂടി കഴിഞ്ഞാൽ വിപണിയിലെത്തുന്ന പായ്ക്ക് ചെയ്ത 'മോഡേൺ' ബ്രെഡ് റെഡി !
പായ്ക്ക് ചെയ്ത ബ്രെഡിനെ വൃത്തിയായി അടുക്കിവയ്ക്കുക എന്ന ജോലി മാത്രം മറ്റു ജോലിക്കാർ നോക്കിയാൽ മതി.
യന്ത്രങ്ങൾ എത്രത്തോളം മനുഷ്യന്റെ ജോലിയെ ലഘൂകരിക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണങ്ങളാണ് ഇത്തരം ഫാക്ടറികൾ.
ഞങ്ങൾ ബ്രെഡ് നിർമിക്കുന്ന മോഡേൺ ബ്രെഡിന്റെ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി. ബ്രെഡ് നിർമാണത്തിനുള്ള ഫാക്ടറി മാത്രമല്ല അവരുടെ പക്കലുള്ളത്. ഇത്തരത്തിൽ കേക്ക് നിർമിക്കാനും റസ്ക് നിർമിക്കാനുമൊക്കെയുള്ള ഓരോ ഫാക്ടറികളും ഞങ്ങൾ സന്ദർശിച്ച സ്ഥലത്തുണ്ട്. ഒരു ഫാക്ടറി സമുച്ചയം തന്നെയായിരുന്നു ആ പ്രദേശം.
നേരത്തെ ഇരുന്ന് വിശ്രമിച്ച ഇടത്തുതന്നെ ഞങ്ങൾ വീണ്ടുമൊന്നിരുന്ന് വിശ്രമിച്ചു. അധ്യാപികമാർ അവിടെനിന്ന് കേക്കും ബ്രെഡും റസ്കുമൊക്കെ വാങ്ങി. വിശ്രമം കഴിഞ്ഞ് ഞങ്ങൾ സ്കൂളിലേക്ക് മടങ്ങി.
അപ്പോഴും ആ ഫാക്ടറിയിൽ നിന്ന് കറുത്ത പുക അന്തരീക്ഷത്തിലേക്ക് വമിച്ചുകൊണ്ടിരുന്നു...!
Good description
ReplyDeleteModernBread Factory visit ചെയ്ത feel
നന്നായി Sahanad
Good start, keep it up
Good description..... മോഡേൺ ബ്രെഡ് ഫാക്ടറി visit ചെയ്ത feel കിട്ടി...... sahanath നീ നന്നായി ചെയ്തു.... നല്ല തുടക്കം..... keep it up
ReplyDeleteMy blessings
Congratulations. Good observations. It will help you to become a good writer. All the best.observe people around .
ReplyDeleteസഹനാദ് നന്നായിരിക്കുന്നു
ReplyDeleteലളിതം...... സുന്ദരം.......
അന്ന് നിങ്ങളുടെ കൂടെ വരാൻ പറ്റാത്ത വിഷമം മാറി. താല്പര്യത്തോടെ വായിച്ചു. Visit ചെയ്ത feel കിട്ടി. 👌👌👍👍
ReplyDeleteThank you
Delete