Skip to main content

വിശപ്പ്

23/5/2020. അന്നൊരു ശനിയാഴ്ചയായിരുന്നു. ലോക്ക്ഡൌണിന്‍റെ അറുപതാം ദിവസം.

അന്നാണ് ഞാന്‍ അവനെ കണ്ടത്.

സമയം രാവിലെ 10 മണി കഴിഞ്ഞുക്കാണും. ഞാന്‍ ബ്ലോഗിലേക്ക് വേണ്ട ചിത്രങ്ങളുടെ പണിപ്പുരയിലായിരുന്നു. എന്റെ എതിര്‍വശത്തായി, കുറച്ചു ഇടതുചേര്‍ന്ന് ഒരു ജനാലയുണ്ട്. അതപ്പോള്‍ മലര്‍ക്കെ തുറന്ന് കിടക്കുകയായിരുന്നു. ഞാന്‍ കുറച്ചു നേരം ആ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ അതാ, അയല്‍പ്പക്കത്തെ വീടിന്റെ ടെറസിലേക്കുള്ള സ്റ്റെയര്‍കേസിലൂടെ അവന്‍ പടി കയറുന്നു. സ്റ്റെയര്‍കേസിന് നടുക്ക് സാധാരണയായി നാം മിക്ക വീടുകളിലും കണ്ടുവരാറുള്ള , ഒരു വീതിയേറിയ പടി, അവന്‍ കയറുന്ന ഈ  സ്റ്റെയര്‍കേസിലുമുണ്ട്. അവന്‍ ആ പടിയ്ക്കു മുകളിലെത്തിയപ്പോള്‍ ഒന്നു നിന്നു. അതിനു മുകളില്‍ ഒന്നു കിടന്നു.

കിടന്നിട്ട് ഒരു മിനിറ്റു പോലും തികയ്ക്കാതെ അവന്‍ കിടപ്പില്‍നിന്ന് എഴുന്നേറ്റ് നിന്നു. പണ്ട് ഞാന്‍ എല്‍.പി സ്കൂളില്‍ പഠിക്കുമ്പോള്‍, യോഗാക്ലാസ്സില്‍ പരിചയപ്പെട്ട ഒരു യോഗാസനമുറ, അവന്‍ അവന്റെ ശൈലിയില്‍ എനിക്ക് കാണിച്ചുത്തരുകയുണ്ടായി. ഈ യോഗാമുറയ്ക്കു ശേഷം അവന്‍ തന്റെ മുതുകിനു താഴെയും കഴുത്തും പിന്‍കാലു കൊണ്ട് ചൊറിഞ്ഞു. പിന്നെ ദേഹത്തെ രോമക്കുപ്പായം നക്കി വെടിപ്പാക്കി. എന്നിട്ട് ശരീരം ഒന്നു വളച്ച് ചുരുണ്ടുക്കൂടി ആ പടിക്കു മുകളില്‍ കിടന്നു. അവന്റെ കിടപ്പു കണ്ട് ഞാന്‍ അല്പനേരം അതുതന്നെ നോക്കിനിന്നുപ്പോയി.

നിങ്ങള്‍ക്കിപ്പോള്‍ “അവന്റെ”ഏകദേശ രൂപധാരണ കിട്ടിക്കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്തായാലും ഞാന്‍ ഇനിയും അതുമിതും പറഞ്ഞു വലിച്ചുനീട്ടുന്നില്ല. അവനെയങ്ങു പരിചയപ്പെടുത്താം.

അവനൊരു പാവം പൂച്ചയാണ്. ആരേയും ഒരു ദേഹോപദ്രവം പോലും  ചെയ്യാതെ,  ഒരു മൂലയില്‍ പോയി അടങ്ങിയൊതുങ്ങിയിരിക്കുന്നു. (അല്ലെങ്കിലും പൂച്ചകളൊന്നും ഇങ്ങോട്ടു വന്ന് ഉപദ്രവിക്കാറില്ല. നമ്മള്‍ അങ്ങോട്ട് പോയി വാങ്ങിയ്ക്കാറെയുള്ളൂ....).

ഞാന്‍ അങ്ങനെ പൂച്ചയെ വീക്ഷിച്ചുക്കൊണ്ടിരിക്കുന്നത് അകത്തിരിക്കുന്ന അച്ഛമ്മ കണ്ടു.

“ആരെയാ നീയിങ്ങനെ കണ്ണും മിഴിച്ചു നോക്കുന്നത് ?”- അച്ഛമ്മ തന്റെ ജിജ്ഞാസ പ്രകടിപ്പിക്കാന്‍ മടിച്ചില്ല.

“ഒരു പൂച്ച....! അതെന്താ ചെയുന്നെന്ന് ഞാന്‍ നോക്കുകയാ..”- ഞാന്‍ പറഞ്ഞു.

“അതിനെ ഞാനും രാവിലെ കണ്ടിരുന്നു. അപ്പോഴ്ണ്ട് അതിന്റെ പള്ള (വയറ്) ആരോ കുത്തിയകത്തേക്കാക്കിയ പോലെ...”-അച്ഛമ്മ പറഞ്ഞു.

അതിന്റെ പള്ള ആരോ കുത്തിയകത്തേക്കാക്കിയ പോലെയുണ്ട് എന്ന അച്ഛമ്മയുടെ പ്രയോഗം കണ്ട് ആരും പേടിക്കേണ്ട. പൂച്ച പട്ടിണി കിടന്ന് മെലിഞ്ഞ കാര്യമാണ് അച്ഛമ്മ ഉദ്ദേശിച്ചത്.

പക്ഷേ പൂച്ച മെലിഞ്ഞ പോലെയൊന്നും എനിക്ക് തോന്നിയില്ല.




എന്നാലും അച്ഛമ്മ എന്നെക്കാളും എത്രയോ അധികം ഓണം ഉണ്ടയാളാണ്. അതിനാല്‍ എന്നെക്കാളും അനുഭവ സമ്പത്ത് അച്ഛമ്മയ്ക്കുണ്ട്. അപ്പോള്‍ അച്ഛമ്മ പറഞ്ഞ കാര്യവും ചിലപ്പോള്‍ ശരിയായേക്കാം...

**********

പിറ്റേന്ന്, രാവിലെ അടുക്കളയില്‍ എത്തിയപ്പോള്‍ വീടിന്റെ പിന്നാംപുറത്തു നിന്ന് ഒരു പൂച്ചയുടെ കരച്ചില്‍.

ഞാന്‍ നോക്കിയപ്പോള്‍, കരയുന്ന പൂച്ച ഇന്നലെ കണ്ട അതേ പൂച്ച തന്നെ..!

അപ്പോള്‍ അച്ഛമ്മ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മനസിലായി.

“അതിന് വിശക്കുന്നുണ്ടാകും... അതിന് വലതും കൊടുക്കണ്ടേ?- ഞാന്‍ അമ്മയോട് ചോദിച്ചു.അമ്മയൊന്നും മിണ്ടിയില്ല.

“അത്രയ്ക്കാഗ്രഹമുണ്ടെങ്കില്‍ നീ നിന്റെ ഓംലെറ്റ് മൊത്തം കൊടുത്തോ ...”- അച്ഛനാണ് പറഞ്ഞത്.

ഓംലെറ്റ് മുഴുവനും കൊടുക്കാന്‍ എനിക്കു മനസുവന്നില്ല(കാരണം കൊതി തന്നെ). എന്നാലും ഇത്തിരിയെങ്കിലും കൊടുക്കണമെന്ന് മനസും വന്നു. എന്തായാലും, രാവിലത്തെ ഭക്ഷണം കഴിയട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു.

അങ്ങനെ പ്രഭാതഭക്ഷണത്തിന് സമയമായി. ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായി എല്ലാവരും. ഞാന്‍ പൂച്ചയ്ക്ക് കൊടുക്കാന്‍ മുട്ട കഷ്ണം മാറ്റിവയ്ക്കുന്ന കാര്യം അച്ഛനോട് പറയാന്‍ ഒരു മടി തോന്നി. അച്ഛന്‍ ചിലപ്പോള്‍ എന്റെ തീരുമാനത്തെ എതിര്‍ത്താലോ എന്ന പേടിയുണ്ടായിരുന്നു എനിക്ക്. അതിനാല്‍ ഞാന്‍ ഒന്നും അച്ചന്റെയടുത്ത് പറഞ്ഞില്ല.

ആദ്യമേ ഇതിനായി ഞാനൊരു വ്യക്തമായൊരു പ്ലാനുണ്ടാക്കിയിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചുത്തീരാന്‍ വേണ്ടി ഞാന്‍ കാത്തുനിന്നു. ആരും അറിയാത്ത രീതിയില്‍ ഞാന്‍ എന്റെ ഭക്ഷണം കഴിക്കുന്ന വേഗം കുറച്ചു. കൂടാതെ എന്റെ മുട്ട പൊരിച്ചതില്‍ നിന്ന് ചെറിയൊരു പങ്ക് മാറ്റിവെക്കാന്‍ ഞാന്‍ മറന്നില്ല.

എല്ലാവരും കഴിച്ചുത്തീരാറായി. എന്റെ പ്ലാന്‍ വിജയിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഞാന്‍ മനസാലെ സന്തോഷം പൂണ്ടു. എന്നാല്‍ അടുത്ത നിമിഷം എല്ലാം തകിടം മറിച്ചു കൊണ്ട് ചേട്ടന്റെ നിരീക്ഷണ ഫലം പുറത്തുവന്നു.

“അച്ഛാ... ദേ അച്ചൂസ് അവന്റെ മുട്ട മൊത്തം കഴിച്ചിട്ടില്ല...”- ഇപ്രകാരമായിരുന്നു ചേട്ടന്റെ ‘observation report’.

 ചേട്ടന്‍  സൂചിപ്പിച്ച മുട്ട കഷ്ണം ഞാന്‍ പൂച്ചയ്ക്കായി സമര്‍പ്പിയ്ക്കാന്‍ സൂക്ഷിച്ചതായിരുന്നു. ചേട്ടന്റെ CCTV ക്യമറക്കണ്ണുകള്‍ അതുവരെ ഒപ്പിയെടുക്കുകയായിരുന്നു അതെല്ലാം.

അവസാനം എന്തു സംഭവിച്ചു എന്ന് ഞാന്‍ പറയണ്ടല്ലോ...

അച്ഛന്‍ എന്നോടു ആ മുട്ട കൂട്ടി കഴിക്കാന്‍ ഒരു ദോശ കൂടിയെടുക്കാന്‍ പറഞ്ഞു. ഞാന്‍ അനുസരിച്ചു.

പക്ഷേ അവസാനം, ഞാന്‍ എങ്ങനെയോ, ആരോടും പറയാതെ ഒരു മുട്ട കഷ്ണം പൂച്ചയ്ക്ക് വച്ചുകൊടുത്തു. പക്ഷേ ആ കഷ്ണത്തിന്റെ വലുപ്പം ഓര്‍ത്ത് എനിക്ക് തന്നെ ഇപ്പോള്‍ പുച്ഛം തോന്നുന്നു. ആരും കളിയാക്കില്ല എന്ന് കരുതികൊണ്ട് ഞാന്‍ ആ സത്യം വെളിപ്പെടുത്തുന്നു.

അതിന്റെ വലുപ്പം കഷ്ടിച്ച് 5 ചതുരശ്ര മില്ലീമീറ്റര്‍ ഒപ്പിയ്ക്കാം.

എന്തായാലും, ആ ദിവസം തന്നെ അച്ഛന്‍ അതറിഞ്ഞു. അച്ഛനും അമ്മയും എന്നെ വിഷമിപ്പിക്കാത്ത വിധത്തില്‍ ചെറുതായി കളിയാക്കി. ഞാന്‍ അമ്മയോട് അതിന്റെ സത്യാവസ്ഥ ബോധിപ്പിച്ചു.

പിറ്റേന്ന്, ഉച്ചക്ക് ഊണ് കഴിഞ്ഞ്  ഞാന്‍ അടുക്കളയില്‍ ചുറ്റിപറ്റിനിന്നപ്പോള്‍ പിന്നാമ്പുറത്തേക്ക് എത്തി നോക്കാന്‍ മറന്നില്ല. അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. പൂച്ചക്ക് രണ്ടു പിടി ചോറും, കുറച്ച്  കൂട്ടാനും കുഴച്ച പരുവത്തില്‍ പുറത്ത് വച്ചിരിക്കുന്നു. അത് മാതാപിതാക്കളാണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു.  എനിക്കത് വളരെയധികം പ്രചോദനം തരാതിരുന്നില്ല.

പിറ്റേ ദിവസം ഞാന്‍ വെറുതേയിരിക്കുമ്പോള്‍ അന്ന് കണ്ട പൂച്ച പിന്നാംപുറത്തേക്ക് വരുന്നത് കണ്ടു. ഞാന്‍ വേഗം ഓടിച്ചെന്ന് രാവിലത്തെ ഇടിയപ്പം ഒരു പിടിയെടുത്ത് അടുക്കള വാതില്‍ തുറന്ന് പുറത്തെത്തി. അപ്പോഴേക്കും പൂച്ച, സാധാരണയായി അവന്‍ ഭക്ഷണം വയ്ക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നെ കണ്ടതും അവന്‍ ഒന്ന് ഭയന്ന് നാലടി പിറകോട്ട് പോയി നിന്നു. ഞാന്‍ അവനെ ഭയപ്പെടുത്താതെ ഭക്ഷണം വച്ചിട്ട് അടുക്കളയിലേക്ക് മടങ്ങി. അവന്‍ ഞാന്‍ പോയെന്ന് കരുതി ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു.

എന്നാല്‍ ഞാന്‍ അവന്‍‌  അറിയാത്ത വിധത്തില്‍ അവനെ നിരീക്ഷിക്കുകയായിരുന്നു.



അവന്റെ ആര്‍ത്തി കണ്ടപ്പോള്‍ അവന്‍ എത്രത്തോളം വിശന്നിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. വിശപ്പിന്റെ മുന്നില്‍ ഏതൊരു ജീവിയും(അത് മനുഷ്യനായാല്‍ പോലും)മുട്ടുക്കുത്തും. വിശപ്പിന്റെ തീവ്രത അത്രത്തോളം വലുതാണെന്ന് ഞാന്‍ കരുതുന്നു. ലോക്ക് ഡൌണ്‍ വന്നതില്‍ പിന്നെ തെരുവില്‍ അലയുന്ന നായകളും പൂച്ചകളും എത്രത്തോളം വിശക്കുന്നു എന്ന്, വീടിന്റെ പിന്നാംപുറത്ത് നിന്ന് വിശപ്പടക്കുന്ന ആ പൂച്ചയില്‍ നിന്ന് ഞാന്‍ മനസിലാക്കി.

ഈ എഴുത്തില്‍ നിന്ന് ഞാന്‍ ഉദേശിക്കുന്നത്, എല്ലാവരും കൂടി തെരുവുകളില്‍ അലയുന്ന നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണമെത്തിക്കുക എന്നല്ല. ഭക്ഷണത്തിന് വേണ്ടി അഭയം ചോദിച്ച് നിങ്ങളുടെ അടുക്കലെത്തുന്ന ഇത്തരം ഒന്നോ രണ്ടോ നിരുപദ്രവകാരികളായ മൃഗങ്ങള്‍ക്ക് നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായിക്കണമെന്നേ ഞാന്‍ ഉദേശിക്കുന്നുള്ളൂ. നിങ്ങള്‍ക്ക് അവയെ സഹായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുഴപ്പമില്ല, അവയെ ഉപദ്രവിക്കാതെങ്കിലും വിടുക.


Comments

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...