സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഒരു കൊലപാതകകേസിന്റെ നീണ്ട വിചാരണയ്‌ക്കൊടുവിൽ ജഡ്ജി അതിന്റെ വിധി നാളത്തേയ്ക്കായി മാറ്റിവച്ചു. വിചാരണ കണ്ടവരെല്ലാം മനസ്സിലുറപ്പിച്ചു, വിധി വധശിക്ഷ തന്നെ. വീട്ടിൽ മടങ്ങിയെത്തിയ ജഡ്ജി, പതിയെ ഒന്ന് മയങ്ങി. മയക്കം കഴിഞ്ഞപ്പോൾ മകൾ സ്കൂൾ വിട്ടും, ഭാര്യ ജോലി കഴിഞ്ഞും വീട്ടിലെത്തിയിരുന്നു.അയാൾ ഡൈനിങ്ങ് റൂമിലെ ടിവി ഓൺ ചെയ്തു. തുറന്നു വന്നത് ഒരു വാർത്താമാധ്യമമാണ്. അവരുടെ ഇന്നത്തെ രാത്രികാലചർച്ച, ജഡ്ജി മാറ്റിവച്ച വിധിയെഴുത്തിനെ കുറിച്ചാണ്. അയാളത് കണ്ടുകൊണ്ടിരിയ്ക്കേ ഭാര്യ വന്ന് അടുത്തിരുന്നു. “കൊല ചെയ്തയാൾക്ക് വധശിക്ഷതന്നെ നൽകണേ എന്റെ കൺകണ്ട ജഡ്ജിയേ…” -ഭാര്യ തമാശരൂപേണ തന്റെ വാദം പ്രകടിപ്പിച്ചു. അയാളൊന്ന് ചിരിച്ചു. “അയാൾ അത്രമാത്രം ഉപദ്രവിച്ചാണ് അവരെ കൊന്ന് കളഞ്ഞത്. അത്രമാത്രം അയാളെ ദുരിതം അനുഭവിപ്പിച്ചില്ലെങ്കിലും, സ്വന്തം മരണം അയാൾക്കൊരു പാഠമാകട്ടെ.” ജഡ്ജി കേട്ടിരുന്നു. മറുത്തൊന്നും പറഞ്ഞില്ല. കുറച്ച്കഴിഞ്ഞപ്പോൾ ഭാര്യ എഴുന്നേറ്റുപോയി. തന്റെ പഠനസമയം കഴിഞ്ഞെത്തിയ മകൾ അച്ഛന്റെയടുത്ത് സ്ഥാനം പിടിച്ചു. വാർത്താചാനലിലെ ചൂടേറിയ ചർച്ച കേട്ട് മകൾ ചോദിച്ചു- “നാളത്തെ വിധ...